ഖത്തറിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; കൊവാക്‌സിന് അംഗീകാരം നല്‍കി ആരോഗ്യ മന്ത്രാലയം

vaccine

ദോഹ: ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിന് അനുമതി നല്‍കി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. നിബന്ധനയോടെ അംഗീകാരം നല്‍കിയ കൊവാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി ഖത്തറിലേക്ക് വരാം. അംഗീകാരം ഉടന്‍ പ്രാബല്യത്തില്‍ വരും. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിനോഫാം, സിനോവാക്, സ്പുട്‌നിക് വി, കോവാക്‌സിന്‍ എന്നിവയാണ് മന്ത്രാലയം നിബന്ധനകളോടെ അംഗീകരിച്ച വാക്‌സിനുകള്‍. മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നിബന്ധനകളോടെ അംഗീകരിച്ച വാക്സിനുകളുടെ രണ്ട് ഡോസ് എടുത്ത ആളുകള്‍ ഖത്തറിലേക്ക് പോകുന്നതിന് മുമ്പ് സീറോളജി ആന്റിബോഡി പരിശോധന നടത്തി പോസിറ്റീവ് ഫലം കയ്യില്‍ കരുതണം. രണ്ടാമത്തെ ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമാണ് സീറോളജി ആന്റിബോഡി പരിശോധന നടത്തേണ്ടത്.

ഇന്ത്യ കൂടുതലായി ഉല്‍പാദിപ്പിക്കുന്ന രണ്ടു കൊവിഡ് വാക്‌സിനുകളില്‍ ഒന്നാണ് ഭാരത് എന്‍-ബയോടെക്കിന്റെ കോവാക്‌സിന്‍. ഇന്ത്യയില്‍ നിന്നും കൊവാക്‌സിന്‍ എടുത്ത് ഖത്തറിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം.

Share this story