ഹാജിമാർക്ക് സ്വന്തം രാജ്യത്തെ എടിഎം കാർഡുകൾ സൗദിയിൽ ഉപയോഗിക്കാൻ അനുമതി

Swiping

ജിദ്ദ: സൗദി അറേബ്യയിൽ ഹജിനെത്തുന്ന തീർഥാടകർക്ക് സ്വന്തം രാജ്യങ്ങളിലെ ബാങ്കുകൾ ഇഷ്യു ചെയ്ത എടിഎം കാർഡുകൾ സൗദിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്ന സേവനത്തിന് തുടക്കം. സൗദി സെൻട്രൽ ബാങ്കാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഈ സേവനം ലഭ്യമാകുന്നത്. വീസ, മാസ്റ്റർ കാർഡ്, യൂണിയൻ പേ, ഡിസ്‌കവർ, അമേരിക്കൻ എക്സ്പ്രസ്, ഗൾഫ് പെയ്മെന്റ്റ് നെറ്റ്‌വർക്ക് 'ആഫാഖ്' തുടങ്ങിയ കാർഡുകൾ സൗദിയിൽ ഉപയോഗിക്കാനാകും. സൗദിയുടെ ദേശീയ പെയ്മെൻ്റ് സംവിധാനമായ 'മദ'യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഹാജിമാരുടെ സൗകര്യം പരിഗണിച്ച് 1,220 എടിഎമ്മുകൾ പ്രവർത്തിക്കും. ഇതിൽ 633 എണ്ണം മക്കയിലാണ്. 568 ശാഖകൾ മദീനയിലുമാണ്. തീർഥാടകർക്ക് ബാങ്കിങ് സേവനങ്ങൾ നൽകുന്നതിനുള്ള ഒരുക്കം സെൻട്രൽ ബാങ്ക് പൂർത്തിയാക്കി. മക്കയിലും അതിർത്തി പ്രവേശന കവാടങ്ങളിലും താൽക്കാലിക, മൊബൈൽ ശാഖകളും അടക്കം 110 ബാങ്ക് ശാഖകൾ പ്രവർത്തനം തുടങ്ങി. ബലിപെരുന്നാൾ അവധി പരിഗണിക്കാതെ സൗദിയിൽ 36 ബാങ്ക് ശാഖകൾ പ്രവർത്തിക്കും. രാവിലെ ഒൻപതര മുതൽ രാത്രി എട്ടര വരെയാണ് ഇവയുടെ പ്രവൃത്തി സമയം. എയർപോർട്ടുകളിലെ ബാങ്ക് ശാഖകൾ 24 മണിക്കൂറും പ്രവർത്തിക്കും.

Share this story