വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട യു എ ഇ മലയാളി 61 പേര്‍ക്ക് നാടണയാന്‍ തുണയായി

വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട യു എ ഇ മലയാളി 61 പേര്‍ക്ക് നാടണയാന്‍ തുണയായി

അബുദബി: കഴിഞ്ഞ വര്‍ഷം ക്രിസ്മസിന് വാഹനാപകടത്തില്‍ മകനെ നഷ്ടപ്പെട്ട മലയാളി, കൊവിഡ് കാലത്ത് 61 പേര്‍ക്ക് നാടണയാന്‍ തുണയായി. സെയില്‍സ് മാര്‍ക്കറ്റിംഗ് ഡയറക്ടറായി ജോലി ചെയ്യുന്ന ടി എന്‍ കൃഷ്ണകുമാറാണ് നാട്ടിലേക്ക് പോകാനുള്ള 61 പേരുടെ പൂര്‍ണ്ണ ചിലവും വഹിച്ചത്.

ആള്‍ കേരള കോളേജസ് അലുംനി ഫെഡറേഷന്‍ കഴിഞ്ഞ 25ന് ഒരുക്കിയ ദുബൈ- കൊച്ചി ചാര്‍ട്ടര്‍ വിമാനത്തിലെ 55 പേര്‍ക്ക് കൃഷ്ണകുമാറായിരുന്നു ടിക്കറ്റ് നല്‍കിയത്. 199 പേരാണ് ഈ ചാര്‍ട്ടര്‍ വിമാനത്തില്‍ നാട്ടിലേക്ക് പോയത്.

അപകടം നടക്കുമ്പോള്‍ മകന്‍ രോഹിത് കൃഷ്ണകുമാര്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു. മകന് വേണ്ടിയാണ് എല്ലാം സമ്പാദിച്ചതെന്നും എന്നാല്‍ ഒരു നിമിഷം എല്ലാം അവസാനിച്ചതെന്നും തന്റെ കണ്‍മുന്നില്‍ വെച്ചാണ് മകന്‍ മരിച്ചതെന്നും കൃഷ്ണകുമാര്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് മറ്റുള്ളവര്‍ക്ക് കൈത്താങ്ങായാണ് മകന്‍ നഷ്ടപ്പെട്ട തീരാദുഃഖം കൃഷ്ണകുമാര്‍ മറക്കുന്നത്.

Share this story