സൗദിയിൽ കനത്ത മഴ; മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ
Feb 15, 2025, 20:50 IST

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സൗദി അധികൃതർ മദീനയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മദീനയിലെ അൽ ഹനകിയ, അൽ മഹദ് മേഖലകളിൽ കനത്ത കാറ്റും ശക്തമായ മഴയും ആലിപ്പഴവർഷവും ഉണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാത്രി 9 മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നജ്റാനിൽ പൊടിക്കാറ്റ് ഉണ്ടാവുമെന്നും മക്കയിൽ നേരിയതോതിൽ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ആസീർ, അൽബഹ, ജിസാൻ എന്നിവിടങ്ങളിലും മഴയുണ്ടാകും. റിയാദ്, വടക്കൻ അതിർത്തി മേഖല, കിഴക്കൻ മേഖല, അൽ ജൗഫ്, ഹായിൽ, ഖസീം എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന നേരിയതോതിലുള്ള മഴ തുടരും.