സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം; റിയാദ് വിമാനത്താവളത്തിന് സമീപം തീയും കനത്ത പുകയും
റിയാദ്: യമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ തുടരുന്നു. ശനിയാഴ്ച ഉച്ചയോടെ റിയാദിലേക്ക് ഹൂതികൾ വീണ്ടും ആക്രമണം നടത്തി. വിമാനത്താവളത്തിന് സമീപം തീപിടിത്തവുമുണ്ടായി. ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. ഇതോടെ വിമാന സർവീസുകൾ വൈകി. രണ്ട് മണിക്കൂറോളമാണ് വിമാന സർവിസുകൾ വൈകിയത്. ഇപ്പോൾ ഇത് പുനഃസ്ഥാപിക്കുകയാണ്. കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനം ബുറൈദയിൽ ഇറക്കിയിരുന്നു. ഇത് റിയാദിലേക്ക് ഉടൻ പുറപ്പെടുമെന്നാണ് അറിയുന്നത്. റിയാദിൽ ഇറക്കാനാകാത്തതിനാൽ വഴി തിരിച്ചു വിട്ടതായിരുന്നു.ഇന്ന് പുലർച്ചെയും ഹൂതികൾ റിയാദിലേക്ക് ആക്രമണ ശ്രമം നടത്തിയിരുന്നു. പുലർച്ചെ മുതൽ റിയാദിലും ഖർജിലും ആണ് മുന്നറിയിപ്പ് ലഭിച്ചത്. ചില ഭാഗങ്ങളിൽ സ്ഫോടന ശബ്ദമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് ഫ്രഞ്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. നേരത്തെ ജിദ്ദ, അസീർ, അൽഉല, ത്വാഇഫ് മേഖലയിൽ നൽകിയ മുന്നറിയിപ്പ് പിൻവലിച്ചിരുന്നുകഴിഞ്ഞ ദിവസം ത്വാഇഫിൽ നടന്ന ആക്രമണത്തിൽ യമൻ പൗരനായ ലോൺഡ്രി ജീവനക്കാരൻ മരിച്ചിരുന്നു. സൗദി സ്വദേശിനിക്കും പാകിസ്താൻ പൗരനും പരിക്കേറ്റിരുന്നു. ഏതാനും ദിവസങ്ങളായി സൗദിയിലേക്ക് ഹൂതി ആക്രമണം തുടരുകയാണ്. ആദ്യ ഘട്ടത്തിൽ അതിർത്തി പ്രദേശങ്ങളിൽ ആയിരുന്നു ആക്രമണം. കഴിഞ്ഞയാഴ്ച സൗദിയുടെ എണ്ണ പൈപ്പ്ലൈനിന് നേരെ ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണവും നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മക്കക്ക് നേരെ ആക്രമണത്തിന് ശ്രമിച്ചതായി സൗദി സഖ്യ സേന കുറ്റപ്പെടുത്തിയിരുന്നു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിന് നേരെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാറിന്‍റെയും സഖ്യ സേനയുടെയും നേതൃത്വത്തിൽ ഒരു മാസം മുമ്പ് ആക്രമണം നടത്തിയിരുന്നു. തുടർന്ന് യമനിൽ ഹൂതികളും സർക്കാർ സേനയും ഏറ്റുമുട്ടൽ രൂക്ഷമാകുകയായിരുന്നു. യമനിലെ മോഖ തുറമുഖവും ബാബ് അൽ മന്ദബ് കടലിടുക്കിന്‍റെ നിയന്ത്രണവും ഹൂതികൾ പിടിച്ചെടുത്തിരുന്നു. സൗദി കപ്പലുകൾക്ക് ചെങ്കടലിൽ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഈ രീതിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് സൗദി തലസ്ഥാനത്തേക്ക് ആക്രമണം നടത്തിയത്.
