സൗദിയിൽ മൂന്ന് തൊഴിൽ മേഖലകളിൽ വ്യാഴാഴ്ച മുതൽ സ്വദേശിവത്കരണം നടപ്പാക്കും

Saudi

സൗദിയിൽ മൂന്ന് തൊഴിൽ മേഖലകൾ കൂടി സ്വദേശിവത്കരിക്കുന്നു. ഡിസംബർ 30 വ്യാഴാഴ്ച മുതലാണ് കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകൾ സ്വദേശിവത്കരിക്കുന്നത്. കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ ചില ജോലികളിൽ സ്വദേശിവത്കരണം 100 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ 2,000 ലധികം തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ജനറൽ മാനേജർ, സർക്കാർ റിലേഷൻസ് ഉദ്യോഗസ്ഥൻ, കസ്റ്റംസ് ക്ലിയറൻസ് ക്ലർക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കർ, വിവർത്തകൻ എന്നീ തൊഴിലുകളാണ് കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ 100 ശതമാനം സ്വദേശിവത്കരണത്തിൽ ഉൾപ്പെടുകയെന്ന് നടപടിക്രമ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡ്രൈവിങ് സ്‌കൂൾ മേഖലകളിലെ തൊഴിലുകളും നൂറ് ശതമാനം സ്വദേശിവത്കരിക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവിങ് പരിശീലകൻ, നിരീക്ഷകൻ തുടങ്ങിയ ജോലികൾ സ്വദേശിവത്കരിക്കുന്നതിലുൾപ്പെടും. പരിശീലനം നൽകുന്ന ആളുടെ വേതനം 5,000 റിയാലിൽ കുറവായിരിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളിൽ 8,000 തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഡ്രൈവിങ് സ്‌കൂൾ മേഖലയിലെ സ്വദേശിവത്കരണ പ്രഖ്യാപനം വന്ന ഉടനെ ഡ്രൈവിങ് പരിശീലനം എന്ന തൊഴിൽ തൊഴിലന്വേഷകരെ പരിശീലിപ്പിക്കുകയും യോഗ്യത നേടുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി ഫണ്ട് പരിശീലന പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകളുടെ സ്വദേശിവത്കരണത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകരിച്ച പ്രൊഫഷണൽ തരംതിരിക്കൽ അനുസരിച്ച് എൻജിനീയറിങ്, സാങ്കേതിക പ്രൊഫഷനുകൾ എന്ന ഗണത്തിൽപ്പെടുന്ന എല്ലാ പ്രൊഫഷനുകളും ഉൾപ്പെടുന്നതാണ്. ഈ മേഖലയിൽ അഞ്ചോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യമേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമായിരിക്കും. 12,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജോലിക്ക് നിയോഗിക്കുന്ന ആളുടെ പ്രതിമാസ വേതനം 5,000 റിയാലിൽ കുറയരുതെന്നും സൗദി എൻജിനീയേഴ്‌സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് വേണമെന്നും നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ട്. 2021 ൽ സ്വദേശികളായ തൊഴിലന്വേഷകർക്ക് 3,78,000 ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് 20 തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിസംബർ 30 മുതൽ മൂന്ന് പുതിയ മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ പോകുന്നത്.

Share this story