ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈന്‍ നഖ്വി ഒമാനില്‍ അന്തരിച്ചു

മസ്‌കത്ത്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം സയിദ് അലി സിബ്‌തൈന്‍ നഖ്വി ഒമാനില്‍ അന്തരിച്ചു. 1982ല്‍ ആണ് അദ്ദേഹം ഒമാനില്‍ എത്തുന്നത്.

ഇന്ത്യന്‍ ദേശീയ ഹോക്കി ടീം താരമായി മികവു തെളിയിച്ച അദ്ദേഹം രണ്ട് വര്‍ഷത്തെ സേവനത്തിനായിട്ടാണ് ഒമാനില്‍ എത്തുന്നത്. എന്നാല്‍ നീണ്ട 39 വര്‍ഷത്തോളം നഖ്വി ഒമാനിലെ കായിക രംഗത്ത് പ്രവര്‍ത്തിച്ചു.

കായിക മേഖലക്കായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു എസ്.എ.എസ് നഖ്വിയുടേത്. 1973-1975വരെ ഇന്ത്യന്‍ ദേശീയ പുരുഷ ടീം കോച്ചായും 1978, 1979 വര്‍ഷങ്ങളില്‍ ദേശീയ വനിതാ ടീമിന്റെ കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചു. 

ഒമാന്‍ ദേശീയ ടീം കോച്ച് ആയി ചുമതലയേറ്റത് 1982ല്‍ ആണ്. 1984 മുതല്‍ 2002 വരെ ഒമാന്‍ ഒളിമ്പിക് കമ്മിറ്റി ടെക്‌നിക്കല്‍ ഉപദേശകനായും സേവനം അനുഷ്ടിച്ചു. കളിക്കാരനായിരിക്കെ റഫറിയെന്ന നിലയിലും പരിശീലകനായും നഖ്വി അറിയപ്പെട്ടു. 

1932ല്‍ 'ഹോക്കി ഗരാന' എന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. 1965ല്‍ മുംബൈയിലെ സ്‌കൂള്‍ ടീമിനെ പരിശീലിപ്പിച്ചാണ് പരിശീലന രംഗത്തേക്ക് നഖ്വി കടന്നുവരുന്നത്. തുടര്‍ന്ന് എയര്‍ ഇന്ത്യ ടീമിന്റെയും ബോംബെ കസ്റ്റംസ് ടീമിന്റെയും പരിശീലകനായി പ്രവര്‍ത്തിച്ചു.

ജോക്വിം കര്‍വാലോ, മയൂര്‍ പാണ്ഡെ, മെര്‍വിന്‍ ഫെര്‍ണാണ്ടസ്, സോമയ്യ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യണത്തില്‍ പഠിച്ചുവന്നവരാണ്. നഖ്വിയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ അനുശോചിച്ചു.

Share this story