ഖത്തറില്‍ പരിശോധന ശക്തം; ഇറക്കുമതി ചെയ്ത 105 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു

ദോഹ: ഖത്തറില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത 105 ടണ്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ അധികൃതര്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. പ്രദേശിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 
 
ഖത്തറിലെ അഗ്രികള്‍ച്ചറല്‍ ക്വാറന്റൈന്‍ ഓഫീസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒക്ടോബര്‍ മാസം മാത്രം നശിപ്പിച്ച ആകെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കണക്കാണിത്. 

രാജ്യത്ത് നിലവിലുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചതെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

വിവിധ തുറമുഖങ്ങള്‍ വഴി കൊണ്ടുവന്ന 1,42,362 ടണ്‍ കാര്‍ഷികോല്‍പന്നങ്ങള്‍ അടങ്ങുന്ന 5,849 ചരക്കുകള്‍ പരിശോധിച്ചതില്‍ നിന്നാണ് അയോഗ്യമായ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.

അതേസമയം, രാജ്യത്തിനു പുറത്തു നിന്നും കൊണ്ടു വരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളില്‍ പരിധിയില്‍ കൂടുതല്‍ കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടോ മറ്റെന്തെങ്കിലും രോഗാണുക്കള്‍ ബാധിച്ചിട്ടുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സസ്യങ്ങളെ ക്വാറന്റൈനില്‍ വെക്കാറുണ്ട്. രാജ്യത്തെ സസ്യ സമ്പത്തിന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

Share this story