ഹോർമുസ് കടലിടുക്കിൽ വീണ്ടും യുദ്ധഭീതി: രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ മിസൈലാക്രമണം; കടുത്ത മുന്നറിയിപ്പുമായി ട്രംപ്‌

ഇറാൻ

ദുബായ്: അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) വാണിജ്യ കപ്പലുകൾക്ക് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം. മേഖലയിലൂടെ കടന്നുപോയ രണ്ട് പ്രമുഖ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം മിസൈലുകൾ തൊടുത്തുവിട്ടതായി യു.എസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ഖത്തറിന്റെ 'അൽ റെകയ്യാത്' ഗ്യാസ് ടാങ്കർ ഉൾപ്പെടെയുള്ള കപ്പലുകൾക്ക് കനത്ത കേടുപാടുകൾ സംഭവിക്കുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. കപ്പലിലെ എൻജിൻ റൂമിന് മുകൾഭാഗത്താണ് മിസൈൽ പതിച്ചത്. എന്നാൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

​അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഈ നീക്കമെന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്നും ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ ചൈന, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഏറ്റെടുക്കണമെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ട്, തങ്ങൾ നിർദ്ദേശിച്ച പാതയിലൂടെയല്ലാതെ യു.എസ് അനുകൂല ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷണറി ഗാർഡ്സ് (IRGC) ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു.

​യു.എസും ഇറാനും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിച്ചതോടെയാണ് മേഖലയിൽ വീണ്ടും സംഘർഷം കടുത്തിരിക്കുന്നത്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും അശാന്തമാകുന്നത് ആഗോള ഇന്ധന വിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ യു.എസ് ശക്തമായ തിരിച്ചടി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags

Share this story