യു.എസ് ആക്രമണത്തിന് പിന്നാലെ ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ തിരിച്ചടി; താല്ക്കാലിക സമാധാനക്കരാർ പ്രതിസന്ധിയിൽ

ഹോർമൂസ്

ദുബായ്: ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ യു.എസ് നടത്തിയ പുതിയ ആക്രമണങ്ങൾക്ക് പിന്നാലെ, ബഹ്‌റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. ഇതോടെ മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ ധാരണകൾ പൂർണ്ണമായും തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്.

​മേഖലയിലെ സമാധാനശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി ബുധനാഴ്ച പുലർച്ചെയാണ് ബഹ്‌റൈനിലും കുവൈറ്റിലും വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന അപായ സൈറണുകൾ മുഴങ്ങിയത്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്‌റൈനിലെയും, യു.എസ് സൈന്യമുള്ള കുവൈറ്റിലെ അലി അൽ സാലം വ്യോമതാവളത്തിന് നേരെയും ലക്ഷ്യം വെച്ചായിരുന്നു ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) നീക്കം. ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായി കുവൈറ്റ് സൈന്യം അറിയിച്ചു. അക്രമണത്തിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

​അന്താരാഷ്ട്ര കപ്പൽ ചാലിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് തങ്ങൾ നടപടി സ്വീകരിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും റഡാറുകളും റെവല്യൂഷണറി ഗാർഡിന്റെ അറുപതിലധികം ചെറുകിട ബോട്ടുകളും ഉൾപ്പെടെ എൺപതിലധികം ലക്ഷ്യസ്ഥാനങ്ങൾ യു.എസ് തകർത്തതായാണ് വിവരം. ഇതിന് പുറമെ, താൽക്കാലിക കരാറിന്റെ ഭാഗമായി ഇറാന് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിൽക്കാൻ നൽകിയിരുന്ന അനുമതിയും യു.എസ് റദ്ദാക്കി.

​എന്നാൽ അമേരിക്കയുടെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും, ഭീഷണികൾക്ക് മുന്നിൽ തങ്ങൾ വഴങ്ങില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രതികരിച്ചു. ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്ന ഇറാന്റെ കടുത്ത നിലപാടാണ് വീണ്ടും മേഖലയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഖത്തറും പാകിസ്താനും ചേർന്ന് നടത്തുന്ന സമാധാന ചർച്ചകളെയും നിലവിലെ സംഘർഷം പ്രതികൂലമായി ബാധിച്ചേക്കും.

Tags

Share this story