സൗദിയിൽ ഇറാൻ നടത്തിയ ആക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരണം, ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

saudi

സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി ഇറാൻ നടത്തിയ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ വീണ് രണ്ട് പേർ മരിച്ചു. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അതേസമയം സൗദിയിൽ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന വാർത്ത ഇന്ത്യൻ എംബസി നിഷേധിച്ചു

ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഒരു ഇന്ത്യൻ പൗരന് പരുക്കേറ്റതായും എംബസി വ്യക്തമാക്കി. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് വിവരം. അൽ ഖർജിലെ താമസ സ്ഥലത്ത് മിസൈൽ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടെന്നാണ് ആദ്യം വാർത്ത വന്നത്. ഇതിലൊരാൾ ഇന്ത്യക്കാരനാണെന്ന് പിന്നീട് റിപ്പോർട്ടുകളുണ്ടായിരുന്നു

കൊല്ലപ്പെട്ടവരിൽ ഒരാൾ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് വിവരം. 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരും ബംഗ്ലാദേശ് സ്വദേശികളാണ്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്കും ഇറാൻ ആക്രമണം നടത്തി. രണ്ട് ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. ബഹ്‌റൈനിലെ മുഹാറഖിൽ യൂണിവേഴ്‌സിറ്റി കെട്ടിടത്തിന് മുകളിൽ മിസൈൽ വീണു.
 

Tags

Share this story