ബഹ്‌റൈനിലേക്ക് ഇറാൻ്റെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന, മൂന്ന് മിസൈലുകളും ഡ്രോണുകളും തകർത്തു

Baharin

മനാമ: രാജ്യത്തെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ വിജയകരമായി തടഞ്ഞു നിർത്തിയതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) അറിയിച്ചു. ബഹ്‌റൈൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഒരേസമയം വിന്യസിച്ച് മൂന്ന് മിസൈലുകളും നിരവധി ഡ്രോണുകളുമാണ് തകർത്തത്.

​ബഹ്‌റൈൻ വാർത്താ ഏജൻസി (BNA) പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന പ്രകാരം, ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ടായിരുന്നു ഈ വ്യോമാക്രമണം. സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത നീക്കങ്ങൾ രാജ്യാന്തര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ സൈനിക ജനറൽ കമാൻഡ് വ്യക്തമാക്കി.

​മേഖലയിൽ യു.എസ് - ഇറാൻ സംഘർഷം മുറുകുന്ന പശ്ചാത്തലത്തിലാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്തിൻ്റെ പരമാധികാരവും ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ തങ്ങളുടെ എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിലാണെന്ന് പ്രതിരോധ സേന അറിയിച്ചു. അസ്വാഭാവികമായ സാഹചര്യങ്ങളോ അവശിഷ്ടങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags

Share this story