കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂട്ടാൻ നടപടി

കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂട്ടാൻ നടപടി

കുവൈത്ത് സിറ്റി : കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തന തോത് വർധിപ്പിക്കാൻ നീക്കം. വിമാനത്താവളത്തിൽ ഇറങ്ങുന്നവരുടെയും വിമാനത്താവളം വഴി പോകുന്നവരുടെയും എണ്ണത്തിൽ ഈ മാസം തന്നെ വർധന വരുത്തുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.

പല രാജ്യങ്ങളും വ്യോമയാന ഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിൽ കുവൈത്തിലും ഗതാഗത സൗകര്യം വർധിപ്പിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സർക്കാരിന് സമർപ്പിക്കേണ്ട നിർദേശങ്ങൾ അധികൃതർ തയാറാക്കിവരുന്നു. നിലവിൽ വിമാനത്താവളത്തിന്റെ പ്രവർത്തന തോത് 10% ആണ്. അത് 30% ആക്കി വർധിപ്പിക്കുകയാകും ആദ്യഘട്ടം.

സാധുതയുള്ള വീസയുള്ള വാക്സീൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് യാത്രാനുമതി നൽകാമെന്നതാണ് ശുപാർശയിലുള്ളത്. അതിന് മാനദണ്ഡങ്ങളും നിർണയിക്കുന്നുണ്ട്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാർക്ക് രാജ്യം തിരിച്ച് ക്വോട്ട നിർണയിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്.വാക്സീൻ 2 ഡോസും അല്ലെങ്കിൽ ഒരു ഡോസ് സ്വീകരിച്ചവർ ആയിരിക്കണം. കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സീൻ (ഫൈസർ, ആസ്ട്രസെനിക- ഓക്സ്ഫഡ്, മൊഡേണ,ജോൺസൺ ആൻഡ് ജോൺസൺ) തന്നെ സ്വീകരിക്കണം.

കുവൈത്തിൽ എത്തിയതിന് ശേഷം 3 ദിവസത്തിനകം പിസി‌ആർ പരിശോധന വേണം.നെഗറ്റീവ് എങ്കിൽ ക്വാറൻ‌റീൻ വേണ്ട എന്നതാണ് നിർദേശങ്ങളിൽ ഒന്ന്. വിദേശങ്ങളിൽനിന്ന് തിരിച്ചെത്തുന്ന സ്വദേശികൾക്ക് നിലവിൽ ഈ ഉപാധികളുണ്ട്.ഒരു ഡോസ് വാക്സീൻ എടുത്തവരാണെങ്കിൽ ഒരാഴ്ച ഇൻസ്റ്റിറ്റ്യുഷനൽ ക്വാറന്റീനും ഒരാഴ്ച ഹോം ക്വാറന്റീനും ഉണ്ടെന്ന വ്യത്യാസം മാത്രം.

കുവൈത്ത് അംഗീകരിക്കാത്ത വാക്സീൻ എടുത്തവരാണെങ്കിൽ അടുത്തൊന്നും പ്രവേശനം നൽകേണ്ടതില്ലെന്നാണ് മറ്റൊരു നിർദേശം.

Share this story