യു.എ.ഇയില്‍ നിയമ പരിഷ്‌ക്കരണം; വീട്ടുജോലിക്കാര്‍ക്ക് സംരക്ഷണം: ബലാത്സംഗത്തിന് ജീവപര്യന്തം

അബുദാബി: യു.എ.ഇയില്‍ സാമ്പത്തിക, നിക്ഷേപ, വാണിജ്യ മേഖല ശക്തിപ്പെടുത്താനും സാമൂഹിക സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാനും ലക്ഷ്യമിട്ട് നിയമനിര്‍മാണ പരിഷ്‌കാരങ്ങള്‍ക്ക് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അവകാശ സംരക്ഷണത്തിന് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് നിയമ പരിഷ്‌ക്കാരങ്ങള്‍.   

രാജ്യരൂപീകരണത്തിന്റെ 50-ാം വര്‍ഷത്തില്‍ 40 ലധികം നിയമങ്ങളാണ് പരിഷ്‌കരിച്ചത്. നിക്ഷേപം, വ്യാപാരം, വ്യവസായം, വാണിജ്യം, കമ്പനി, വ്യാവസായിക സ്വത്തുക്കളുടെ നിയന്ത്രണവും സംരക്ഷണവും, പകര്‍പ്പവകാശം, വ്യാപാരമുദ്രകള്‍, വാണിജ്യ രജിസ്റ്റര്‍, ഇലക്ട്രോണിക് ഇടപാടുകള്‍, ട്രസ്റ്റ് സേവനങ്ങള്‍, ഫാക്ടറി, റെസിഡന്‍സി എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിയമനിര്‍മാണ ഘടന വികസിപ്പിക്കുന്നതിനാണ് ഭേദഗതികള്‍.

കുറ്റകൃത്യവും ശിക്ഷയും, ഓണ്‍ലൈന്‍ സുരക്ഷ, ലഹരിമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും ഉല്‍പാദനം, വില്‍പന, ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഒപ്പിനും പരിരക്ഷ നല്‍കും. ഇടപാടുകള്‍ മുദ്രവയ്ക്കുന്നതിനും ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് കരാറുകളും സര്‍ക്കാര്‍ ഇടപാടുകളും നടത്തുന്നതിനും അനുമതിയുണ്ട്.

എന്നാല്‍ ഇടപാട് ആരംഭിക്കുന്ന രാജ്യങ്ങളില്‍ യു.എ.ഇ മാനദണ്ഡങ്ങള്‍ക്ക് സമാനമായ അത്യാധുനിക സംവിധാനമുണ്ടാകണം. ഇലക്ട്രോണിക് ഇടപാടുകളുടെയും ട്രസ്റ്റ് സേവനങ്ങളുടെയും നിയമം, വിവാഹം, വ്യക്തിഗത സ്റ്റാറ്റസ്, നോട്ടറി, റിയല്‍ എസ്റ്റേറ്റ് സേവനങ്ങളില്‍ വാടകയ്ക്ക് എടുക്കല്‍, വാങ്ങല്‍, വില്‍ക്കല്‍, കരാറുകള്‍ ഭേദഗതി ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ സിവില്‍, വാണിജ്യ നടപടിക്രമങ്ങളും സുഗമമാക്കുന്നതാണ് പുതിയ നിയമം.

ഓരോ എമിറേറ്റിലെയും പ്രാദേശിക അധികാരികള്‍ക്ക് രജിസ്‌ട്രേഷന്‍, ഡേറ്റ നിരീക്ഷണം, മാറ്റം ഉള്‍പ്പെടെ അവരുടെ വാണിജ്യ രേഖകള്‍ സ്ഥാപിക്കാനും നിയന്ത്രിക്കാനുമുള്ള അവകാശം നിലനിര്‍ത്തുന്ന കൊമേഴ്‌സ്യല്‍ രജിസ്റ്റര്‍ നിയമവും ഭേദഗതി ചെയ്തു. സാമ്പത്തിക മന്ത്രാലയത്തിന്റെ വാണിജ്യ രജിസ്റ്ററില്‍ യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യവസായങ്ങളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. ചെറുകിട ഇടത്തരം കമ്പനികളെ പിന്തുണയ്ക്കുന്ന നിയമവുമുണ്ട്.

തന്ത്രപ്രധാന മേഖലകളില്‍ ഒഴികെയുള്ള എല്ലാ വിഭാഗങ്ങളിലും പൂര്‍ണ ഉടമസ്ഥതയോടെ കമ്പനികള്‍ ആരംഭിക്കാനുള്ള നിയമഭേദഗതി നിക്ഷേപകരെ ആകര്‍ഷിക്കും. പുതിയ വാണിജ്യ കമ്പനി നിയമം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിലൂടെ ആഗോള ബിസിനസ് ഹബ്ബായി യു.എ.ഇയെ ഉയര്‍ത്തും. യു.എ.ഇയില്‍ വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള നിയമം, നടപടിക്രമം, വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്നിവയും വിശദമായി പ്രതിപാദിക്കുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ് നിയന്ത്രിക്കുക, പാഠ്യപദ്ധതികള്‍ അംഗീകരിക്കുക, സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിലവാരവും ഉറപ്പാക്കുക, നിലവാരവും മത്സരക്ഷമതയും മെച്ചപ്പെടുത്തുക, ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിയമങ്ങള്‍ ഫ്രീ സോണിലൊഴികെയുള്ള സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്. ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ഡോക്ടറേറ്റ് തുടങ്ങി ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളും ഉള്‍ക്കൊള്ളും.

സ്ത്രീകള്‍ക്കും വീട്ടുജോലിക്കാര്‍ക്കും മെച്ചപ്പെട്ട സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. പൊതു സുരക്ഷയും സുരക്ഷാ വ്യവസ്ഥകളും ശക്തിപ്പെടുത്തി. കൂടാതെ വിവാഹേതര ബന്ധങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. പൊതുസ്ഥലത്തോ ലൈസന്‍സില്ലാത്ത സ്ഥലങ്ങളിലോ മദ്യം കഴിക്കുന്നതും പുതിയ നിയമം നിരോധിക്കുന്നു. 21 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതും പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്.

ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്യുന്നു. ഇര 18 വയസ്സിനു താഴെയോ വികലാംഗയോ എതിര്‍ക്കാന്‍ കഴിയാത്തയാളോ ആണെങ്കില്‍ 10-25 വര്‍ഷം വരെ തടവോ വധശിക്ഷ വരെയോ ലഭിക്കാം. ലിംഗഭേദമില്ലാത്ത ലൈംഗിക കുറ്റകൃത്യത്തിനു തടവോ 10,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയോ ശിക്ഷയുണ്ട്. ബലംപ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആണ് പീഡനമെങ്കില്‍ 5-20 വര്‍ഷം വരെ തടവ് ലഭിക്കും. ജോലിസ്ഥലത്തോ വിദ്യാലയത്തിലോ പാര്‍പ്പിടത്തിലോ ആശുപത്രികളിലോ ആണെങ്കില്‍ കഠിന ശിക്ഷയുണ്ടാകും.

സൈബര്‍ കുറ്റകൃത്യങ്ങള്‍, ഓണ്‍ലൈന്‍ ഉപദ്രവം, ഭീഷണിപ്പെടുത്തല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയെ ചെറുക്കുന്നതിനും ജനങ്ങളെ സംരക്ഷിക്കുന്നതിനും നിയമം കടുപ്പിച്ചിട്ടുണ്ട്. ഡേറ്റ സംരക്ഷണം എല്ലാ കക്ഷികളുടെയും അവകാശങ്ങളും കടമകളും നിര്‍വചിക്കുന്നതിനു പുറമെ, ഒപ്റ്റിമല്‍ ഡേറ്റ മാനേജ്‌മെന്റിനും സംരക്ഷണം നല്‍കുന്നു.

Share this story