ഖത്തറില്‍ മിന്നല്‍ പരിശോധന; വ്യാപര മേളകളില്‍ കണ്ടെത്തിയത് വന്‍ നിയമ ലംഘനങ്ങള്‍

ദോഹ: ഖത്തറില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ രാജ്യത്തെ നിരവധി വ്യാപാര മേളകളില്‍ നിന്നും ഗുരുതര നിയയമ ലംഘനങ്ങള്‍ അധികൃതര്‍ കണ്ടെത്തി. 

മേളകള്‍ സംഘടിപ്പിക്കുന്ന വ്യാപാരികള്‍ 2008-ലെ നിയമം നമ്പര്‍ (8) പ്രകാരം ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനാണ് മിന്നല്‍ പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍, തേന്‍, സുഗന്ധദ്രവ്യം, അവശ്യ എണ്ണകള്‍ എന്നിവയുടെ വിവിധ സാമ്പിളുകള്‍ പിടിച്ചെടുത്തു. ലബോറട്ടറി പരിശോധനയില്‍ സാമ്പിളുകളുടെ ഗുണനിലവാരം മോശമാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളിലും മറ്റ് വാണിജ്യ ഔട്ട്‌ലെറ്റുകളിലും വില്‍പ്പനക്കായുള്ള ഉല്‍പ്പന്നങ്ങളുടെ വിലയും മറ്റ് വിവരങ്ങളും അറബി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. 

ഇക്കാര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടത്തുമെന്നും നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിടികൂടിയാല്‍ തക്കതായ നടപടികളെടുക്കുമെന്നും മന്ത്രാലയം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. 

രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഏതെങ്കിലും നിയമ ലംഘനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന ടോള്‍ നമ്പര്‍ മുഖേനയോ അല്ലെങ്കില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

Share this story