അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; ഒമാനില്‍ ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

മസ്‌കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ മുസന്ദം, വടക്കന്‍ അല്‍ ബാത്തിന, തെക്കന്‍ അല്‍ ബാത്തിന, മസ്‌കത്ത്, തെക്കന്‍ അല്‍ ശര്‍ഖിയ എന്നീ മേഖലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരമാലകള്‍ രണ്ടു മുതല്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ശക്തമായ കാറ്റ് മൂലം മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. 

വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും അധികൃതര്‍ പൊതുജനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this story