യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ഇന്ന് മുതൽ നിര്‍ബന്ധിത ഉച്ചവിശ്രമം: നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ

യുഎഇയിൽ ഔട്ട് ഡോർ തൊഴിലാളികൾക്ക് ഇന്ന് മുതൽ നിര്‍ബന്ധിത ഉച്ചവിശ്രമം: നിയമം ലംഘിച്ചാൽ കമ്പനികൾക്ക് കനത്ത പിഴ

യുഎഇയിൽ കഠിനമായ ചൂടിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്ന് ജൂൺ 15 മുതൽ ഉച്ചക്ക് 12:30 മുതൽ 3:00 മണി വരെ നിര്‍ബന്ധിത ഉച്ചവിശ്രമം അനുവദിക്കുമെന്ന് യു.എ.ഇ മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. ഉച്ചവിശ്രമം സെപ്റ്റംബർ 15 വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

വേനൽക്കാലത്ത് കടുത്ത ചൂടിൽ നിന്ന് നിർമ്മാണം പോലുള്ള ചില മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് യുഎഇയിൽ ഉച്ചക്കുള്ള വിശ്രമനിയമം നടപ്പാക്കിയിരിക്കുന്നത്.

നിയമം ലംഘിച്ച് ഈ സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിച്ചാല്‍ ഏതൊരു സ്ഥാപനത്തിനും ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതിലാണ് പിഴ നൽകേണ്ടി വരിക. കൂടുതൽ പേരുണ്ടെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ.

കൂടാതെ തൊഴിലാളികളുടെ ദിവസേനയുള്ള ജോലി സമയം, രാവിലെയും വൈകുന്നേരമടക്കമുള്ള രണ്ട് ഷിഫ്റ്റുകളിലും എട്ട് മണിക്കൂറിൽ കവിയാനും പാടില്ല.ഒരു തൊഴിലാളി എട്ട് മണിക്കൂറിൽ കൂടുതൽ ജോലിയെടുക്കുന്നുണ്ടെങ്കിൽ അയാൾക്ക് / അവൾക്ക് കമ്പനി ഓവർടൈം നൽകേണ്ടതുണ്ട്. മാത്രമല്ല യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന പരിക്കുകളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്ന ഉചിതമായ സംരക്ഷണ ഉപകരണങ്ങൾ തൊഴിലുടമകൾ നൽകുകയും വേണം.

ഇത് സംബന്ധിച്ച് ഏതെങ്കിലും നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ താമസക്കാർക്ക് ടോൾ ഫ്രീ നമ്പറായ 80060 ൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്, നാല് ഭാഷകളിലായി ഈ സേവനം 24/7 ലഭ്യമാണ്.

Share this story