ദുബായിൽ മിനിബസ് ട്രക്കിന് പിന്നിലിടിച്ച് വൻ അപകടം; എട്ടു മരണം: മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെടുന്നു

Gulf ACC

ദുബായ്: ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ ദാരുണമായ മിനിബസ് അപകടത്തിൽ മരണസംഖ്യ എട്ടായി ഉയർന്നതായി റിപ്പോർട്ട്. മരിച്ചവരിൽ ആറ് ഇന്ത്യക്കാരും ഒരു നേപ്പാൾ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയുമാണ് ഉള്ളതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മരണപ്പെട്ട ഇന്ത്യക്കാരിൽ മൂന്നുപേർ ഹൈദരാബാദ് സ്വദേശികളും, രണ്ടുപേർ ഉത്തർപ്രദേശ് സ്വദേശികളും, ഒരാൾ പഞ്ചാബ് സ്വദേശിയുമാണ്.

​അപകടത്തിൽപ്പെട്ടവരെല്ലാം ദുബായിലെ 'മോട്ടീവ് ടെക്നിക്കൽ സർവീസ്' (Motive Technical Service) എന്ന കമ്പനിയിലെ ജീവനക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇവർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയാണ് ഈ ദാരുണ ദുരന്തമുണ്ടായത്.

​അപകടത്തിൽ പരുക്കേറ്റ് എട്ടുപേർ നിലവിൽ ചികിത്സയിലാണ്. ഇവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. പരുക്കേറ്റവരിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ദുബായ് പൊലീസ് അറിയിച്ചു.

​മുൻപിലുണ്ടായിരുന്ന വാഹനവുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കാതിരുന്നതും മിനിബസ് ഡ്രൈവർക്കുണ്ടായ ശ്രദ്ധക്കുറവുമാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുബായ് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tags

Share this story