ഒമാന്‍-ഇന്ത്യ സംയുക്ത സമിതി യോഗം ചേര്‍ന്നു; വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കും

മസ്‌കത്ത്: ഇന്നലെ മസ്‌കത്തില്‍ നടന്ന ഒമാന്‍-ഇന്ത്യ സംയുക്ത സമിതിയുടെ യോഗത്തില്‍ വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇരുവിഭാഗവും ധാരണയിലെത്തി. പരസ്പരം താല്‍പര്യമുള്ള മറ്റ് മേഖലയിലും സഹകരണം ശക്തമാക്കും. ഒമാന്‍ വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖുവൈസ് മുഹമ്മദ് അല്‍ യൂസുഫും ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പുനരുപയുക്ത ഊര്‍ജം, സാങ്കേതികവിദ്യ, ആരോഗ്യം വിനോദസഞ്ചാരം എന്നീ മേഖലയില്‍ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തും. 2023 ഡിസംബറില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ചരിത്രപരമായ ഇന്ത്യാ സന്ദര്‍ശനമാണ് ബന്ധം സുദൃഢമാക്കുന്നതില്‍ ഏറെ നിര്‍ണായകമായത്. ഒമാനില്‍ ഇന്ത്യന്‍ കമ്പനികള്‍ 75 കോടി ഒമാനി റിയാലിന്റെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 2023 ഡിസംബര്‍വരെയുള്ള കണക്കാണിത്. ഇന്ത്യയിലെ ഒമാന്റെ വിവിധ മേഖലകളിലെ നിക്ഷേപം 60 കോടി റിയോളമാണ്.  

Tags

Share this story