ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടക്കുന്നു; റോഡുകള്‍ അടച്ചു: അതീവ ജാഗ്രത

മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനെ തുടര്‍ന്ന് ഒമാനില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. പ്രാധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം. സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകള്‍  ഉപയോഗിക്കണമെന്നും ഒമാന്‍ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി ആവശ്യപ്പെട്ടു. ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം ഇപ്പോള്‍ മസ്‌കത്ത് തീരത്തുനിന്ന് 62.67 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് പ്രവചനം. 

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അല്‍-നഹ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് സാധ്യത മുന്നില്‍കണ്ട് വിമാന സര്‍വീസുകളുടെ സമയക്രമം പുനക്രമീകരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ശക്തി ക്രമാതീതമായി വര്‍ധിച്ചാല്‍ ജനങ്ങള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ച് വീടിനുള്ളില്‍ കഴിയണമെന്ന് ഒമാന്‍ ദേശിയ ദുരന്ത നിവാരണ സമതി ആവശ്യപ്പെട്ടു.  

അണക്കെട്ടുകളെ സമീപിക്കരുതെന്നും താഴ്‌വരകളില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ മസ്‌കത്തില്‍ നിന്ന്  സീബ് വിലായത്തിലെ സഹ്‌വ ടവര്‍ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന തുരങ്കം നേരത്തെ അടച്ചു. ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ രക്ഷാസംഘം മത്ര വിലായത്തില്‍ ഏഴ് പേരെ രക്ഷപ്പെടുത്തി. ബര്‍ക്ക, സഹം വിലായത്തുകളിലും മസ്‌കത്ത്, ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റുകളിലെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും തൊട്ടടുത്ത സര്‍ക്കാര്‍ ഷെര്‍ട്ടറുകളിലേക്ക് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share this story