വേഗത കുറച്ചാലും പിഴ; ദുബായിൽ 400 ദിർഹം പിഴ: ട്രാഫിക് നിയമത്തിൽ മാറ്റം

ദുബായ്: ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുക, വേഗക്കൂടുതൽ മാത്രമല്ല, വേഗത കുറച്ച് ഓടിക്കുന്നതും ദുബായിൽ കുറ്റകരമാണ്. ദുബായിലെ റോഡുകളിൽ, പ്രത്യേകിച്ച് അതിവേഗ പാതകളിൽ, അമിത വേഗതയിൽ വാഹനം ഓടിക്കുന്നത് പോലെ തന്നെ അപകടകരമാണ് വേഗത കുറച്ച് ഓടിക്കുന്നതെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇത് മറ്റ് ഡ്രൈവർമാർക്ക് അസൗകര്യം സൃഷ്ടിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും.
നിശ്ചിത വേഗത പരിധിക്ക് താഴെയായി, അതായത് മണിക്കൂറിൽ 80 കിലോമീറ്ററിൽ താഴെ വേഗതയിൽ വാഹനം ഓടിച്ചാൽ 400 ദിർഹം പിഴ ചുമത്തും. അമിത വേഗതയിൽ വാടനം ഓടിക്കുന്നതിന് ലഭിക്കുന്ന ശിക്ഷയ്ക്ക് സമാനമാണിത്. റോഡിന്റെ സുഗമമായ ഒഴുക്കിന് ഇത് തടസ്സമുണ്ടാക്കുന്നു. കൂടാതെ, മുന്നിലുള്ള വാഹനത്തെ മറികടന്ന് പോവാനുള്ള അവസരം ലഭിക്കാതെ വരുന്നത് പിന്നിലുള്ള വാഹനങ്ങളെ അമിത വേഗതയിൽ പോകാൻ പ്രേരിപ്പിക്കും. ഇത് കൂടുതൽ അപകടങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ട്, ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കുകയും ശരിയായ വേഗത നിലനിർത്തുകയും വേണം. ദുബായിലെ റോഡുകൾ സുരക്ഷിതമായി നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്ന് ദുബായ് പോലീസ് അറിയിച്ചു.