ദുബായ് വ്യവസായിയുടെ മുന്‍കൈയില്‍ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ പദ്ധതി

ദുബായ് വ്യവസായിയുടെ മുന്‍കൈയില്‍ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ പദ്ധതി

ദുബായ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈന്‍ ആയിരുന്ന ജെറ്റ് എയര്‍വേസിന് പുനര്‍ജന്മം ലഭിച്ചേക്കും. 1.2 ബില്യണ്‍ ഡോളര്‍ കടവുമായി പാപ്പരായി 18 മാസത്തിനുശേഷം കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു കണ്‍സോര്‍ഷ്യത്തിന്റെ പദ്ധതിക്ക് വായ്പാദാതാക്കളുടെ ഉദാര പിന്തുണ.

ലണ്ടന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കല്‍റോക്ക് ക്യാപിറ്റലും ദുബായ് ആസ്ഥാനമായുള്ള വ്യവസായിയായ മുരാരി ലാല്‍ ജലനുമാണ് ജെറ്റിനെ കരകയറ്റാനുള്ള പദ്ധതിക്ക് പിന്നില്‍.

ജെറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്ന പുതിയ സ്ഥാപനത്തിലെ കടക്കാര്‍ക്കും ഇക്വിറ്റികള്‍ക്കും ഏകദേശം 115 മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വായ്പാദാതാക്കള്‍, പ്രധാനമായും ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍, 2019 ന്റെ തുടക്കത്തില്‍ ജെറ്റ് ഏറ്റെടുത്തെങ്കിലും പണത്തിന്റെ പ്രതിസന്ധി വര്‍ധിച്ചതോടെ ഇത് തുടരുന്നതില്‍ പരാജയപ്പെട്ടു. ഒടുവില്‍ 2019 ഏപ്രിലില്‍ കമ്പനി തകര്‍ന്നു.

ബാങ്കുകളിലേക്കുള്ള 1.2 ബില്യണ്‍ ഡോളറിന്റെ കടത്തിന് പുറമെ, 20,000 മുന്‍ ജീവനക്കാര്‍, എയര്‍പോര്‍ട്ടുകള്‍, വിതരണക്കാര്‍ എന്നിവരില്‍ നിന്നും എയര്‍ലൈന്‍ വന്‍ ക്ലെയിമുകള്‍ നേരിടുന്നു. മൊത്തം ബാധ്യതകള്‍ നാല് ബില്യണ്‍ ഡോളറില്‍ അധികം വരും.

ജര്‍മ്മന്‍ സംരംഭകനായ ഫ്‌ളോറിയന്‍ ഫ്രിറ്റ്‌സ് സ്ഥാപിച്ച കല്‍റോക്ക് ക്യാപിറ്റല്‍ റിയല്‍ എസ്‌റ്റേറ്റ്, വെഞ്ച്വര്‍ ക്യാപിറ്റല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, കൂടാതെ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയില്‍ വലിയ നിക്ഷേപമുണ്ട്.

ഖനനം, പേപ്പര്‍ നിര്‍മ്മാണം, വ്യാപാരം എന്നിവയാണ് മുരാരി ലാല്‍ ജലന്റെ പ്രവര്‍ത്തന മേഖല.

Share this story