ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് പ്രദര്‍ശനം നാളെ ദോഹയില്‍ തുടക്കം; ഇന്ത്യയുടെ മരത്തടികൊണ്ടുള്ള ബോട്ടും പ്രദര്‍ശനത്തിന്

ദോഹ: എട്ടാമത് ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് പ്രദര്‍ശനത്തിന് നാളെ ദോഹ വേദിയാകും.മേളയില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത തരം ആഢംബര ബോട്ടുകളുടെ പ്രദര്‍ശനവും വിപണനവുമാണ് നടക്കുക.

കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് കര്‍ശന സുരക്ഷയോടുകൂടിയാണ് ഇത്തവണത്തെ ബോട്ട് പ്രദര്‍ശനം നടക്കുക. നാളെ  ദോഹയിലെ പേള്‍ ഖത്തറില്‍ ആരംഭിക്കുന്ന ബോട്ട് ഷോ നവംബര്‍ 20 വരെ നീണ്ടുനില്‍ക്കും.

ഈ വര്‍ഷം മാര്‍ച്ചില്‍ മേള നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഇത് നവംബറിലേക്ക് മാറ്റുകയായിരുന്നു. 

ഇത്തവണ മേളയില്‍ ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും 80-ഓളം വരുന്ന ബോട്ട് നിര്‍മാണ കമ്പനികളാണ് പങ്കെടുക്കുക. ആഡംബര ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവക്ക് പുറമെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള മരത്തടി കൊണ്ട് നിര്‍മിച്ച ഉല്ലാസ ബോട്ടുകളും മേളക്ക് മനോഹാരിത പകരും. ഇതിന് പുറമെ വിവിധ കമ്പനികളുടെ മോട്ടോറുകള്‍, സ്പെയര്‍ പാര്‍ട്സുകള്‍ തുടങ്ങിയവയും മേളയിലുണ്ടാകും.

കൊവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ വിധ മുന്‍കരുതല്‍ മാര്‍ഗങ്ങളും പാലിച്ചുകൊണ്ടായിരിക്കും മേളയിലേക്ക് ആവശ്യക്കാരെയും കാഴ്ച്ചക്കാരെയും പ്രവേശിപ്പിക്കുകയെന്ന് മുഖ്യസംഘാടകരായ അല്‍ മന്നായി പ്ലസ് ഈവന്റ്സിന്റെ ചെയര്‍മമാന്‍ ഖാലിദ് ബിന്‍ ഈസ അല്‍ മന്നായി അറിയിച്ചു.

കടല്‍യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും ഉല്ലാസയാത്രികര്‍ക്കും ലോകത്ത് ലഭ്യമായ എല്ലാ തരം ബോട്ടുകളും ഒറ്റ കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ഖത്തര്‍ അന്താരാഷ്ട്ര ബോട്ട് പ്രദര്‍ശത്തിന്റെ ലക്ഷ്യം.  2013 മുതലാണ് ദോഹയില്‍ ബോട്ട് ഷോ ആരംഭിച്ചത്.

Share this story