ഖത്തര്‍ അറബ് കപ്പ് വന്‍ വിജയത്തിലേക്ക്; ഇതുവരെ വിറ്റഴിച്ചത് അഞ്ച് ലക്ഷത്തോളം ടിക്കറ്റുകള്‍

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ അറബ് കപ്പ് വന്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ ഇതുവരെ വിറ്റഴിഞ്ഞത് അഞ്ച് ലക്ഷത്തോളം ടിക്കറ്റുകളാണ്. 

രണ്ട് സെമിഫൈനലുകളും കലാശപ്പോരാട്ടവുമാണ് ഇനി ബാക്കിയുള്ളത്. ഇതിനോടകം 4,66000 ടിക്കറ്റുകളുടെ വില്‍പന നടന്നതായി സംഘാടകര്‍ അറിയിച്ചു. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ 28 മത്സരം പൂര്‍ത്തിയായപ്പോള്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണമാണിത്.

ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി അരങ്ങേറുമ്പോഴേക്കും ടിക്കറ്റ് വില്‍പ്പന വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാവുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഫിഫ അറബ് കപ്പ് മത്സരം സംബന്ധിച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 

തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട അള്‍ജീരിയ-ഈജിപ്ത് മത്സരം കാണാനായിരുന്നു ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതെന്നും അധികൃതര്‍ വിശദീകരിച്ചു. 

ഖത്തര്‍- യു.എ.ഇ ഗ്ലാമര്‍ മത്സരമാണ് രണ്ടാം സ്ഥാനത്ത്. സെമിഫൈനലില്‍ ആതിഥേയരായ ഖത്തറും മത്സരിക്കാന്‍ ഇറങ്ങുന്നതിനാല്‍, ടിക്കറ്റ് വില്‍പ്പന റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അതേസമയം, ലോകകപ്പിന് മികച്ച രീതിയില്‍ മുന്നൊരുക്കം നടത്താന്‍ അറബ് കപ്പിന്റെ സംഘാടനം തങ്ങളെ സഹായിക്കുമെന്നും, ഈ ടൂര്‍ണ്ണമെന്റിലൂടെ നിരവധി കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഞ്ഞെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

Share this story