ഖത്തറിലെ അല്‍ ഖോര്‍ റോഡ് ശൃംഖല വിപുലീകരണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും; അഷ്ഗാല്‍

ഖത്തറിലെ അല്‍ ഖോര്‍ റോഡ് ശൃംഖല വിപുലീകരണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവും; അഷ്ഗാല്‍

ദോഹ: അല്‍ ഖോര്‍ റോഡ് ശൃംഖലയുടെ വിപുലീകരണം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാവുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. അല്‍ ഖോര്‍ റോഡിന്റെ ശേഷി മണിക്കൂറില്‍ 8,000 വാഹനങ്ങളായി ഉയര്‍ത്താന്‍ ആണ് അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നത്.

അല്‍ ഖോര്‍ റോഡുമായി ബന്ധിപ്പിക്കുന്ന 28 കിലോമീറ്റര്‍ റോഡ് ശൃംഖല വികസന പദ്ധതി നടപ്പാക്കുന്നതായും ഏഴ് താല്‍ക്കാലിക റോഡുകളെ സ്ഥിരമായ റോഡുകളാക്കി മാറ്റുന്നതിനായും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.

അല്‍-ദായെനില്‍ മൂന്ന് റോഡുകള്‍ വികസിപ്പിക്കുന്നതിനൊപ്പം വാദി അല്‍-ബനാത്ത്, റാവദത്ത് അല്‍-ഹമാമ, ടാന്‍ബെക്ക്, ഉം ക്വാര്‍ണ്‍ എന്നിവിടങ്ങളിലെ ഏഴ് റോഡുകളും വികസിപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ, ആശയവിനിമയ ശൃംഖലകള്‍, വൈദ്യുതി, ലൈറ്റിംഗ് സേവനങ്ങള്‍ എന്നിവയും അല്‍ ഖോര്‍ റോഡ് വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.

അടിസ്ഥാന സേവനങ്ങളായ മലിനജല ശൃംഖലകള്‍, മഴവെള്ള ഡ്രൈയിനേജ് ശൃംഖലകള്‍, കുടിവെള്ള ശൃംഖലകള്‍ എന്നിവയുമായി റോഡുകളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നിലവില്‍ നടന്നു വരികയാണ്.

രാജ്യത്ത് താപനിലയെ ചെറുക്കാനായി ഉപയോഗിച്ചിട്ടുള്ള പച്ച നിറത്തിലുള്ള റോഡുകള്‍ അല്‍ ഖോര്‍ റോഡിലെ ചിലയിടങ്ങളില്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ട്. അല്‍ ഖോര്‍ റോഡിലെ പ്രധാന കവലകളില്‍ ഗതാഗത കുരുക്ക് പരമാവധി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Share this story