വാക്‌സിനെടുത്താലും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്

വാക്‌സിനെടുത്താലും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്

ദോഹ: പൂർണമായും കോവിഡ് വാക്‌സിനെടുത്തവർക്ക് കോവിഡ് ബാധിക്കാനും അവരിൽ നിന്നും മറ്റുള്ളവർക്ക് കോവിഡ് പകരാനുമുള്ള സാധ്യത വളരെ കുറവാണെങ്കിലും വാക്‌സിനെടുത്താലും കോവിഡ് റിസ്‌ക് കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഹമദ് ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ് ലമാനി അഭിപ്രായപ്പെട്ടു. ഖത്തർ ടി.വി.യുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര അനിവാര്യമാണെങ്കിൽ റിസ്‌ക് കുറഞ്ഞ രാജ്യങ്ങൾ തെരഞ്ഞെടുക്കണം.

വാക്‌സിനെടുത്തവരും ഖത്തറിലേക്ക് തിരിച്ച് വരുമ്പോൾ പി.സി. ആർ. പരിശോധന നടത്തി രോഗബാധയില്ല എന്ന് ഉറപ്പുവരുത്തുന്നുണ്ട്. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത്. പോസിറ്റീവാകുന്നവർ വാക്‌സിനെടുക്കാത്തവരെ പോലെ ഹോട്ടൽ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടി വരും.

ഖത്തറിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്നത് ആശ്വാസകരമാണ്. പ്രതിദിന കേസുകളിൽ ഇനി വർദ്ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ വാക്‌സിനേഷൻ പദ്ധതി ഊർജിതമായാണ് മുന്നോട്ട് പോകുന്നത്. രാജ്യത്തെ അർഹരായ ജനസംഖ്യയുടെ 55 ശതമാനവും ഇതിനകം തന്നെ വാക്‌സിനേഷൻ പൂർത്തിയാക്കി കഴിഞ്ഞു. 70 80 ശതമാനം പേരെങ്കിലും വാക്‌സിനേഷൻ പൂർത്തിയാക്കുന്നതോടെയാണ് രാജ്യം സാധാരണ നിലയിലേക്ക് മാറുക. ഓക്ടോബർ മാസത്തോടെ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ മറ്റു സേവനങ്ങൾ പുനരാരംഭിക്കും. ആരോഗ്യ രംഗത്ത് വലിയ പ്രതീക്ഷ നൽകുന്ന പുരോഗതിയാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രി അഡ്മിഷനുകളും തീവ്രപരിചണ വിഭാഗത്തിലുള്ള അഡ്മിഷനുമൊക്കെ കുറഞ്ഞത് കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന്റെ ലക്ഷണമാണ്.

വൈറസ് ഭീഷണി പൂർണമായും മാറുന്നതുവരെ സമൂഹം ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികൾ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഖത്തറിലെ ജനങ്ങളുടെ ഉയർന്ന പ്രബുദ്ധതയും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിൽ സഹായിച്ച പ്രധാന ഘടകമാണ്.

Share this story