സ്വാതന്ത്ര്യദിനം: ഖത്തറില്‍ രക്തദാന ക്യാമ്പ് നടത്താനൊരുങ്ങി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍

Gulf

ദോഹ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഹമദ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന കാംപ് സംഘടിപ്പിക്കുന്നു. ആസാദി കാ അമൃത് മഹോത്സവ് കാംപയിന്റെ ഭാഗമായാണ് സംഘടന രക്തദാന പരിപാടി സംഘടിപ്പിക്കുന്നത്. 2021 ഓഗസ്റ്റ് 13 നാണ് രക്തദാന കാംപ് സംഘടിപ്പിക്കുന്നത്. 

ഐ.സി.സി അശോക ഹാളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം വരെ പരിപാടി തുടരും. കാംപിനാവശ്യമായ കിടക്കകളും ലോജിസ്റ്റിക്‌സും മറ്റു ക്രമീകരണങ്ങളും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ് സജ്ജമാക്കുന്നത്. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.ദീപക് മിത്തല്‍ രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

ഐ.സി.സി ഇതാദ്യമായാണ് രക്തദാന പരിപാടി നടത്തുന്നത്. അനുബന്ധ സംഘടനകള്‍, ഐ.സി.സി അംഗങ്ങള്‍, ഐ.സി.സി യൂത്ത് വിംഗ്, ഐ.സി.സി സ്റ്റുഡന്റ് ഫോറം, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കുകൊള്ളും. 

രക്തദാനത്തിന് സന്നദ്ധരും യോഗ്യരുമായ ഖത്തറിലെ എല്ലാ ഇന്ത്യക്കാര്‍ക്കും കാംപില്‍ പങ്കെടുക്കാം. ദാതാക്കള്‍ക്ക് രജിസ്ട്രേഷനായി iccqatar@gmail.com  എന്ന വിലാസത്തില്‍ ഇ-മെയില്‍ ചെയ്യുകയോ അല്ലെങ്കില്‍ 55641025, 33448088 എന്ന നമ്പറില്‍ വിളിക്കുകയോ ആണ് വേണ്ടത്.

Share this story