ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള പുതിയ യാത്രാ നിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

Quatar

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കായി പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ യാത്രാ നയങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യ ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് പുതിയ യാത്രാ നയം ബാധകമാവുക.

ഇന്ന് മുതല്‍ ഖത്തറിലേക്ക് വരുന്ന എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രത്യേക അണ്ടര്‍ടേക്കിംഗ് ആന്‍ഡ് അക്നോളജ്മെന്റ് ഫോം പൂരിപ്പിച്ച് കയ്യില്‍ കരുതണം. ഫോം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോം (ഇഹ്തിറാസ് വെബ്സൈറ്റ്) എന്നിവയില്‍ നിന്ന് ലഭ്യമാണ്. ഇന്ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ദോഹയില്‍ വിമാനമിറങ്ങുന്ന യാത്രക്കാര്‍ക്കാണ് പുതിയ യാത്രാ നയം പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാകുക. 

ഇന്ത്യയില്‍ നിന്നുള്ള ഖത്തര്‍ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും രണ്ടു ദിവസത്തെ ക്വാറന്റൈന്‍ മതിയാവും. എന്നാല്‍, ഇന്ത്യയില്‍ വെച്ച് വാക്‌സിന്‍ എടുത്തവര്‍ ദോഹയിലെത്തി രണ്ടാം ദിവസം ആന്റി ബോഡി ടെസ്റ്റിന് വിധേയരാവണം. ഖത്തറില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

കുട്ടികള്‍ക്കും യാത്രാനുമതി നല്‍കിയതാണ് പുതിയ യാത്രാ നിബന്ധനയിലെ സുപ്രധാന തീരുമാനം. ഇതു പ്രകാരം രാജ്യത്തേക്ക് എത്തുന്ന സ്ഥിര താമസക്കാരായ (ആര്‍.പിയുള്ള) 12 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ട് ദിവസം ഹോട്ടല്‍ ക്വാറന്‍ൈനില്‍ കഴിയണം. വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം വരുന്ന 11 വയസുവരെ പ്രായമുള്ള വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്കും ഇതേ നിയമമാണ് ബാധകം. അതേസമയം, യാത്രക്കാര്‍ ഖത്തറിലെത്തി 36 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ പരിശോധന നടത്തണം. 

വാക്‌സിന്‍ എടുക്കാത്തതോ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതോ ആയ യാത്രക്കാര്‍ക്ക് ഏഴു ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. എന്നാല്‍, (എല്ലാത്തരം) സന്ദര്‍ശക വിസയില്‍ വരുന്ന 12 വയസ്സിന് മുകളില്‍ പ്രായമുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കില്ല. ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച് സന്ദര്‍ശക വിസയിലെത്തുന്ന 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇനി മുതല്‍ രണ്ടു ദിവസം മാത്രമാകും ഹോട്ടല്‍ ക്വാറന്റൈന്‍. 

11 വയസ് വരെ പ്രായമായ വാക്സിനെടുക്കാത്ത കുട്ടികളാണെങ്കില്‍ കൂടെയുള്ള മാതാപിതാക്കള്‍ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവരായിരിക്കണം. അവര്‍ക്കും രണ്ട് ദിവസമാണ് ഹോട്ടല്‍ ക്വാറന്റൈന്‍. നിലവില്‍ ഇന്ത്യ കൊവിഡ് അപകടസാധ്യത കൂടിയ എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിലാണ്. ഖത്തറിലേക്കുള്ള യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൈവശം വേണം.

നിബന്ധനകളോടെ അംഗീകരിച്ച സിനോഫാം വാക്‌സിന്‍, സിനോവാക്സിന്‍, സ്പുട്‌നിക് വി എന്നീ വാക്സിനുകള്‍ രണ്ട് ഡോസും സ്വീകരിച്ചവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് സെറോളജി ആന്റിബോഡി പരിശോധന നടത്തണം. പരിശോധന ഫലത്തിന് 30 ദിവസത്തെ കാലാവധിയാണുള്ളത്.

Share this story