ഖത്തർ നടപ്പാക്കിയ പുതിയ യാത്രാ നയം: മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പ്രയോജനപ്പെടും

ഖത്തർ നടപ്പാക്കിയ പുതിയ യാത്രാ നയം: മറ്റു ജി.സി.സി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പ്രയോജനപ്പെടും

ദോഹ: ഖത്തര്‍ നടപ്പാക്കിയ പുതിയ യാത്രാ നയം അയല്‍ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പ്രയോജനപ്പെടുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസ പ്രയോജനപ്പെടുത്തിയാല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കാത്ത രാജ്യങ്ങളിലേക്ക് പോവാനാകും.

എന്നാല്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിന്‍ എടുത്തിരിക്കണം. സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ താമസ വിസയുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഖത്തറില്‍ 14 ദിവസം താമസിക്കുന്നതോടെ ബന്ധപ്പെട്ട രാജ്യങ്ങളിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങും.

ഫൈസര്‍, മൊഡേണ, ആസ്ട്ര സെനിക, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്സിനുകളാണ് ഖത്തര്‍ അംഗീകരിച്ചിട്ടുള്ളത്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒഴികെയുള്ള വാക്‌സിനുകള്‍ രണ്ടു ഡോസും സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാല്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം പ്രയോജനപ്പെടുത്താം.

പാസ്പോര്‍ട്ട് കാലാവധി ആറു മാസമെങ്കിലും ഉള്ളവരും ജി.സി.സി രാജ്യങ്ങളില്‍ വിസയുള്ളവരും 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യണം. താമസ വിസയുള്ള രാജ്യത്തേക്കുള്ള വിമാന ടിക്കറ്റും ഉറപ്പാക്കണം. യാത്ര പുറപ്പെടുന്നതിന് പരമാവധി 72 മണിക്കൂറും ചുരുങ്ങിയത് 12 മണിക്കൂറും മുമ്പെങ്കിലും www. ehteraz.gov.qa എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ട്രാവല്‍ ഓതറൈസേഷന്‍ നേടണം.

ഓണ്‍ അറൈവല്‍ വിസകള്‍ക്ക് ട്രാവല്‍ ഓതറൈസേഷന്‍ നിര്‍ബന്ധമാണ്. കൂടാതെ യാത്രയുടെ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗററ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണം.

റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഖത്തറിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. ഇതിന് 300 റിയാല്‍ ഫീസ് നല്‍കണം. ജി.സി.സി രാജ്യങ്ങളല്ലാത്ത രാജ്യങ്ങളില്‍ വിസയുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

Share this story