ഖത്തറിലെത്തിയ യു.എ.ഇ യാത്രക്കാർക്ക്​ ആശ്വാസം

ദോഹ: ഇന്ത്യഉൾ​പ്പെടെയുള്ള കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്​ നേരിട്ട്​ യാത്രാനുമതി നൽകിയപ്പോൾ മുതൽ ഉയർന്നുകേട്ട സംശയങ്ങൾക്ക്​ ആശ്വാസമാണ്​ യു.എ.ഇ സർക്കാറിൻ്റെ പുതിയ അറിയിപ്പ്​​. ഖത്തർ ഉൾപ്പെടെ മൂന്നാമതൊരു രാജ്യത്തെ ഇടത്താവളമാക്കി ദുബൈയിലേക്ക്​ പറക്കാനായി എത്തിയവർക്ക്​ 14 ദിവസം തികയും മു​മ്പേ ലക്ഷ്യത്തിലേക്ക്​ മടങ്ങാൻ അനുമതി നൽകിക്കൊണ്ട്​ വെള്ളിയാഴ്​ചയാണ്​ ഉത്തരവിറങ്ങിയത്​. ജൂലൈ പകുതിയോടെ തന്നെ മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികൾ​ ദുബൈ ലക്ഷ്യംവെച്ച്​ ദോഹയിലെത്തിയിരുന്നു. ഇവരുടെ യാത്ര തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിലായിരുന്നു ആഗസ്​റ്റ്​ മൂന്നിന്​ യാത്രാനിയന്ത്രണങ്ങൾ നീക്കുന്നതായി ദുബൈയിൽനിന്ന്​ ഉത്തരവിറങ്ങിയത്​. അഞ്ചാം തീയതി മുതൽ ഇന്ത്യയിൽനിന്ന്​ നേരിട്ട്​ വിമാന യാത്ര അനുവദിക്കുമെന്നായിരുന്നു അറിയിപ്പ്​.

എന്നാൽ, അതിന്​ മു​മ്പേ ദോഹയിലെത്തുകയും ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിക്കുകയും ചെയ്​തവർ​ അക്ഷരാർഥത്തിൽ പെട്ടു.ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ ഇന്ത്യയിൽ നിന്നും നേരിട്ട്​ യാത്ര ചെയ്യാനുള്ള അവസരം നഷ്​ടമായി എന്നു മാത്രമല്ല, ആഗസ്​റ്റ്​ രണ്ടിനും മൂന്നിനും ഓൺ അറൈവൽ വിസയിലെത്തിയവർ ഖത്തറിൽ ഹോട്ടൽ ക്വാറൻറീനിലുമായി. നേരിട്ടുള്ള യാത്രയുമായി താരതമ്യം ചെയ്യു​മ്പോൾ ഇരട്ടിയിലേറെ സാമ്പത്തിക ബാധ്യതയും. ഇങ്ങനെ കുടുങ്ങിയവർക്കുള്ള ആശ്വാസമാണ്​ വെള്ളിയാഴ്​ചയിലെ തീരുമാനം.

യാത്രാവിലക്ക്​ നീങ്ങുന്നതിനുമുമ്പ്​ യു.എ.ഇയിലേക്ക്​ വരാനായി വിവിധ രാജ്യങ്ങളിലെത്തിയവർക്ക്​ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്​ ക്വാറൻറീൻ പൂർത്തിയാക്കാതെതന്നെ യാത്ര ചെയ്യാമെന്നാണ്​ എയർ അറേബ്യ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നത്​. ദുബൈ യാത്രക്കാർക്ക്​ ജി.ഡി.ആർ.എഫ്​.എയുടെയും, മറ്റു എമിറേറ്റുകളിലുള്ളവർ ഐ.സി.എ അനുമതിയും വേണം. 48 മണിക്കൂറിനിടയിലെ പി.സി.ആർ പരിശോധന ഫലം, റാപിഡ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ഇത്തരം യാത്രക്കാർക്ക്​ ആവശ്യമായി വരുക.

Share this story