അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഖത്തറില്‍; വെളിപ്പെടുത്തി താലിബാന്‍ പ്രതിനിധി

ദോഹ: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഖത്തറില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അഫ്ഗാനിലെ ചില രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പമാണ് ഭാവി സര്‍ക്കാരിനെ കുറിച്ച് താലിബാന്‍ ചര്‍ച്ച നടത്തുന്നതെന്ന് താലിബാന്‍ വക്താവ് ടോളോ ന്യൂസിനോട് പറഞ്ഞു.

പുതിയ സര്‍ക്കാരിന്റെ ഘടന, പേര് എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. 'ഞങ്ങള്‍ ഇപ്പോള്‍ ഒരു പരീക്ഷയെ അഭിമുഖീകരിക്കുകയാണ്. കാരണം ഇപ്പോള്‍ ജനങ്ങളുടെ സുരക്ഷയ്ക്ക്  ഞങ്ങള്‍ ഉത്തരവാദികളാണ്.', താലിബാന്റെ രാഷ്ട്രീയ ഉപനേതാവ് മുല്ല അബ്ദുല്‍ ഗനി ബരാദര്‍ പറഞ്ഞു.

താലിബാന്‍ നേതൃത്വത്തില്‍ പ്രധാനിയായ അമീര്‍ ഖാന്‍ മുത്തഖി കാബൂളില്‍ വെച്ച് അഫ്ഗാനിസ്ഥാനിലെ ദേശീയ അനുരഞ്ജന ഹൈ കൗണ്‍സില്‍ തലവന്‍ അബ്ദുള്ള അബ്ദുള്ള, മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, ഇസ്ലാമിക് പാര്‍ട്ടി നേതാവ് ഗുല്‍ബുദ്ദീന്‍ ഹെക്മത്യാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇവര്‍ മൂന്നു പേരും താലിബാനുമായി ചര്‍ച്ച നടത്താന്‍ ദോഹയിലെത്തുമെന്നാണ് സൂചന. 

അതേസമയം, അഫ്ഗാനിസ്ഥാനിലെ എല്ലാ പ്രദേശങ്ങളിലും സമാധാനപരമായ അധികാര കൈമാറ്റത്തിനും വെടിനിര്‍ത്തലിനും കഴിഞ്ഞ ദിവസം ഖത്തര്‍ ആഹ്വാനം ചെയ്തിരുന്നു. കൂടാതെ കാബൂളിലെ ഫിന്‍ലാന്‍ഡ് എംബസി ജീവനക്കാര്‍ക്ക് ഖത്തര്‍ അഭയം നല്‍കിയിരുന്നു. 

കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കന്‍ സൈന്യത്തോടൊപ്പം പ്രവര്‍ത്തിച്ച നൂറുകണക്കിന് അഫ്ഗാന്‍ സഹായികളെയും ഖത്തറിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂടാതെ ഇന്നലെ അമേരിക്കന്‍ കാര്‍ഗോ വിമാനത്തില്‍ എത്തിയ 640 അഫ്ഗാനികള്‍ക്കും ഖത്തര്‍ അഭയം നല്‍കിയിട്ടുണ്ട്.

Share this story