ഖത്തറില്‍ അടുത്ത ആഴ്ച പകുതി വരെ മഴയ്ക്ക് സാധ്യത; കാലാവസ്ഥ വകുപ്പ്

ദോഹ: ഖത്തറില്‍ അടുത്ത ആഴ്ച പകുതി വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്ത് ഈ വാരാന്ത്യം താപനിലയില്‍ കുറവുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പകല്‍ സമയത്ത് പരമാവധി അനുഭവപ്പെടുന്ന കൂടിയ താപനില 22- 33 ഡിഗ്രി സെല്‍ഷ്യസും രാത്രിയില്‍ ഏറ്റവും കുറഞ്ഞ താപനില 14-23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റില്‍ അറിയിച്ചു.

വെള്ളിയാഴ്ച വരെ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഈ കാലയളവില്‍ സമുദ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഇടിമിന്നലുള്ള സമയത്ത് കാറ്റ് എട്ട് മുതല്‍ 18 നോട്ട് മൈല്‍ വരെയോ അല്ലെങ്കില്‍ 27 നോട്ട് മൈല്‍ വരെയോ വേഗത്തില്‍ വീശാന്‍ സാധ്യത. കടലില്‍ തിരമാല രണ്ടു മുതല്‍ അഞ്ചടി വരെയോ അല്ലെങ്കില്‍ എട്ടടി വരെയോ ഉയരാന്‍ സാധ്യത.

Share this story