യുഎഇയിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം; ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു

ദുബായ്: യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ ജോലിചെയ്താൽ 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. നിയമം കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി 20-ാമത്തെ വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.

തൊഴിൽ മേഖലകളിൽ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും തയ്യാറാക്കിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Share this story