കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും: നിർദ്ദേശം നൽകി സൗദി

covid

റിയാദ്: കോവിഡ് നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചത്. സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ പേരുടെയും ശാരീരിക ഊഷ്മാവ് പരിശോധിച്ച് രേഖപ്പെടുത്തണമെന്നാണ് നിർദ്ദേശം. വാക്‌സിനെടുക്കാത്തവർ, കോവിഡ് രോഗബാധിതർ തുടങ്ങിയ വിഭാഗങ്ങൾക്ക് സ്ഥാപനങ്ങളിൽ പ്രവേശനം നൽകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.

സ്ഥാപനങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കണം. സ്ഥാപനങ്ങളിലെത്തുന്ന മുഴുവൻ പേരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സ്വകാര്യ സ്ഥാപനങ്ങളിൽ സാമൂഹിക അകലം സംബന്ധിച്ച നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ ശ്രദ്ധിക്കണം. ഇത്തരം നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്ന ചെറിയ സ്ഥാപനങ്ങൾക്ക് 10000 റിയാൽ മുതലും വലിയ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെയും പിഴ ചുമത്തും. ഇത്തരം ലംഘനങ്ങൾ ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴ ചുമത്തുകയും ആറ് മാസം വരെ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

Share this story