ഈ വർഷത്തെ ഹജ്ജ് ക്രമീകരണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും

ഈ വർഷത്തെ ഹജ്ജ് ക്രമീകരണങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും

റിയാദ്: കൊറോണ വൈറസിന്റെ തുടര്‍ച്ചയായ വകഭേദം, വൈറസ് വ്യാപനമുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തതയില്ലായ്മ, പല രാജ്യങ്ങളിലും നേരിടുന്ന വാക്‌സിന്‍ ദൗര്‍ലഭ്യം എന്നിവയെല്ലാമാണ് ഈ വര്‍ഷത്തെ ഹജുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ പ്രഖ്യാപിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നതെന്ന് ആക്ടിംഗ് മീഡിയ മന്ത്രി ഡോ. മാജിദ് അല്‍ഖസബി. സൗദിയിലും മുസ്‌ലിം രാജ്യങ്ങളിലും കൊറോണ വ്യാപനത്തിനുള്ള പ്രഭവകേന്ദ്രമായി ഹജ് കര്‍മം മാറരുതെന്ന് സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഈ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് എങ്ങിനെയായിരിക്കുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ, ഹജ് മന്ത്രിമാര്‍ വിശദീകരിക്കും.

സര്‍ക്കാര്‍ തലത്തില്‍ കൊറോണ മഹാമാരി പ്രതികരണത്തില്‍ ലോകത്ത് സൗദി അറേബ്യ ഒന്നാം സ്ഥാനം കൈവരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധിയോടുള്ള സംരംഭകരുടെ പ്രതികരണത്തിലും ലോകത്ത് സൗദി അറേബ്യ ഒന്നാം സ്ഥാനത്താണ്. പരിസ്ഥിതി ശ്രദ്ധാ സൂചികയില്‍ 167 രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍നിര സ്ഥാനം കൈവരിക്കാനും മിഡില്‍ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും ഒന്നാം സ്ഥാനം കൈവരിക്കാനും സൗദി അറേബ്യക്ക് സാധിച്ചിട്ടുണ്ട്.

അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള സൗദി പദ്ധതി (റിയാദ് ഇനീഷ്യേറ്റീവ്) യു.എന്‍ അംഗീകരിച്ചത് ദേശീയ നേട്ടമാണ്. അഴിമതി വിരുദ്ധ പോരാട്ട മേഖലയില്‍ സൗദി അറേബ്യയുടെ മുന്‍നിര സ്ഥാനമാണ് ഇത് വ്യക്തമാക്കുന്നത്. ഇതില്‍ അഭിമാനിക്കുന്നു. യു.എന്നിന്റെ കുടക്കീഴില്‍ 186 രാജ്യങ്ങളെ ഉള്‍പ്പെടുത്തി അഴിമതി വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ആഗോള നെറ്റ്‌വര്‍ക്ക് സ്ഥാപിക്കലും ഈ മേഖലയിലെ വിവര കൈമാറ്റത്തിന് പ്ലാറ്റ്‌ഫോം സ്ഥാപിക്കലും റിയാദ് പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി ലഭിച്ച സംഭാവനകള്‍ 80 കോടി റിയാല്‍ കവിഞ്ഞിട്ടുണ്ട്. സകാക്ക സൗരോര്‍ജ നിലയം പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാരില്‍ 97 ശതമാനവും സൗദികളാണ്. അല്‍ജൗഫിലെ ദോമത്തുല്‍ജന്ദല്‍ 400 മെഗാവാട്ട് ശേഷിയില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതിയുടെ നിര്‍മാണം വൈകാതെ പൂര്‍ത്തിയാകുമെന്നും ഡോ. മാജിദ് അല്‍ഖസബി പറഞ്ഞു.
സമൂഹത്തിന്റെ അവബോധം മൂലമാണ് സൗദിയില്‍ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വീണ്ടും കുറയാന്‍ തുടങ്ങിയതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ആലി പറഞ്ഞു.

സമൂഹത്തിലെ അംഗങ്ങളുടെ പ്രധാന സവിശേഷത അവബോധമാണ്. സമൂഹത്തില്‍ ഭൂരിഭാഗം പേരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുകയും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരികയും ചെയ്യുന്നു. വാക്‌സിനുകളുടെ സുരക്ഷിതത്വം ഏറെ ഉയര്‍ന്നതാണ്. വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുന്നത് അപകടകരമാണ്. ഇന്നു (ഞായറാഴ്ച) വൈകീട്ടു വരെ സൗദിയില്‍ 1,48,91,796 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

വാക്‌സിനുകളെ കുറിച്ച് ശാസ്ത്രീയ തെളിവുകളില്ലാത്ത കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സാധിക്കുമെന്ന് വാക്‌സിനുകള്‍ തെളിയിച്ചിട്ടുണ്ട്. വാക്‌സിനുകളുടെ ഫലസിദ്ധിയും സുരക്ഷിതത്വവും ശാസ്ത്രീയ തെളിവുകള്‍ സ്ഥിരീകരിക്കുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Share this story