പ്രവാസികളുടെ മടക്കം: സൗദി അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു

പ്രവാസികളുടെ മടക്കം: സൗദി അപേക്ഷ സ്വീകരിക്കാന്‍ ആരംഭിച്ചു

റിയാദ്: എക്‌സിറ്റ്, റിഎന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് വിസകളുള്ള  പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങുന്നതിന് സൗകര്യമൊരുക്കാന്‍ സൗദി അറേബ്യന്‍ ആഭ്യന്തര മന്ത്രാലയം നടപടി ആരംഭിച്ചു. സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരമാണിത്. നാട്ടിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അനുമതിക്കായി അപേക്ഷിക്കണം. ഔദ എന്നാണ് ഈ പദ്ധതിയുടെ പേര്.

അബ്ശിര്‍ പോര്‍ട്ടല്‍ സന്ദര്‍ശിച്ച് ഔദ എന്ന ഐക്കണ്‍ അമര്‍ത്തി ഇഖാമ നമ്പര്‍, ജനന തിയ്യതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന നഗരം, എത്തേണ്ട വിമാനത്താവളം എന്നീ വിശദാംശങ്ങള്‍ നല്‍കണം. ഈ സേവനം ലഭിക്കുന്നതിന് സ്വന്തം നിലയ്ക്ക് അബ്ശിര്‍ അക്കൗണ്ട് വേണമെന്നില്ല.

സ്വദേശത്തേക്ക് മടങ്ങാനുള്ള പ്രവാസികളുടെ അപേക്ഷ സ്വീകരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെയാകും അംഗീകരിക്കുക. അപേക്ഷ സ്വീകരിക്കപ്പെട്ടവരുടെ മൊബൈല്‍ ഫോണിലേക്ക് യാത്ര ചെയ്യേണ്ട തിയ്യതി, ടിക്കറ്റ് നമ്പര്‍, റിസര്‍വ്വേഷന്‍ വിശദാംശങ്ങള്‍ എന്നിവ അറിയിച്ച് എസ് എം എസ് ലഭിക്കും. ഇത് കാണിച്ച് യാത്രാ ടിക്കറ്റ് കരസ്ഥമാക്കാം.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുല്‍അസീസ് അന്താരാഷ്ട്ര വിമാനത്താവളം, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷനല്‍ വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവ വഴി മാത്രമാകും പുറപ്പെടല്‍ കേന്ദ്രങ്ങള്‍.

Share this story