കോവിഡ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്ക് സൗദിയിൽ ജോലിക്ക് എത്തേണ്ടന്ന് നിർദേശം

കോവിഡ്: ഗുരുതര ആരോഗ്യ പ്രശ്നമുള്ളവർക്ക് സൗദിയിൽ ജോലിക്ക് എത്തേണ്ടന്ന് നിർദേശം

റിയാദ്: സൗദിയിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജോലിക്കു ഹാജരാകാൻ പാടില്ലാത്തവരുടെ പട്ടിക പുറത്തിറക്കി മാനവവിഭവ–സാമൂഹിക വികസന മന്ത്രാലയം. ഇനി പറയുന്നവർ പൊതു-സ്വകാര്യ-ലാഭരഹിത സ്ഥാപനങ്ങളിൽ ഹാജരാകരുതെന്നാണു നിർദേശം. 60 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത ശ്വാസകോശ രോഗമോ കടുത്ത മൂലം കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഹൃദയാഘാത മുണ്ടായവർ, പാരമ്പര്യമായി അനീമിയ രോഗം മൂലം ബുദ്ധിമുട്ടുന്നവർ, രോഗപ്രതിരോധ ശേഷി തീരെയില്ലാത്തവർ, അവയവമാറ്റ ശസ്ത്രക്രിയക്കു വിധേയമായവർ, രോഗപ്രതിരോധത്തിനും ക്യാൻസറിനും സ്ഥിരമായി മരുന്നു കഴിക്കുന്നവർ, 40 വയസ്സ് കഴിഞ്ഞ അമിതവണ്ണമുള്ളവർ, അനിയന്ത്രിതമായ പ്രമേഹമോ മറ്റു വിട്ടുമാറാത്ത രോഗാവസ്ഥകളോ കാരണം ബുദ്ധിമുട്ടുന്നവർ, ഉയർന്ന രക്തസമ്മർദ്ദം കാരണം കഴിഞ്ഞ ആറുമാസത്തിൽ ഒരു തവണയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ, വൃക്കരോഗികൾ, ഭിന്നശേഷിക്കാർ, വൈകല്യങ്ങൾ കാരണം കോവിഡ് പ്രതിരോധ നടപടികൾ മനസിലാക്കാനോ പ്രയോഗത്തിൽ വരുത്താനോ കഴിയാത്ത പ്രത്യേക വിഭാഗക്കാർ എന്നിവരാണു പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.

ഇവർ പൂർണമായി വാക്സിനേഷൻ നേടിയവരാണെങ്കിൽ ജോലിക്ക് പോകാമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം അവരുടെ കുത്തിവയ്പ്പ് സ്റ്റാറ്റസ് തവക്കൽന ആപ്ലിക്കേഷനിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിൽ അഞ്ചു വിഭാഗങ്ങൾക്കു മാത്രമാണ് ഇപ്പോൾ സൗദിയിൽ രണ്ടാമത്തെ വാക്‌സീൻ നൽകിത്തുടങ്ങിയിട്ടുള്ളത്. ഡയാലിസിസിന് വിധേയമാകുന്ന വൃക്ക രോഗികൾ, കാൻസർ രോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, അമിതവണ്ണമുള്ളവർ, 60 വയസ്സ് കഴിഞ്ഞവർ എന്നിവരാണവർ.

Share this story