അറബ് രാജ്യങ്ങളിൽ തർക്കങ്ങൾ ആളിക്കത്തിക്കാൻ ഇറാൻ ശ്രമിക്കുന്നതായി സൗദി

അറബ് രാജ്യങ്ങളിൽ തർക്കങ്ങൾ ആളിക്കത്തിക്കാൻ ഇറാൻ ശ്രമിക്കുന്നതായി സൗദി

റിയാദ്: തങ്ങളുടെ ചട്ടുകങ്ങളായ ഭീകര ഗ്രൂപ്പുകൾ വഴി അറബ് രാജ്യങ്ങളിൽ തർക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ആളിക്കത്തിക്കാൻ ഇറാൻ ശ്രമിക്കുന്നതായി സൗദി ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു. കയ്‌റോയിൽ അറബ് ലീഗ് ആസ്ഥാനത്ത് അറബ് പാർലമെന്റ് അംഗങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു ശൂറാ കൗൺസിൽ സ്പീക്കർ. അറബ് ജനതകളുടെ ദുരിതം കൂടുതൽ ആഴത്തിലാക്കാനും ഇറാൻ ശ്രമിക്കുന്നു. വിഭാഗീയ കലഹങ്ങൾ കുത്തിപ്പൊക്കിയും നിയമാനുസൃത ഭരണകൂടങ്ങൾക്ക് പുറത്ത് പ്രവർത്തിക്കുന്ന സായുധ മിലീഷ്യകൾക്ക് പിന്തുണ നൽകിയും ഒന്നിലധികം അറബ് രാജ്യങ്ങളിൽ സംഘർഷ കേന്ദ്രങ്ങളുണ്ടാക്കാൻ ഇറാൻ നിഴൽയുദ്ധം നടത്തുകയാണ്. അറബ് രാജ്യങ്ങളിൽ നുഴഞ്ഞുകയറാനും നിയന്ത്രണത്തിനും വഴിയൊരുക്കി, അറബ് ജനതകളെ ഛിദ്രമാക്കാനാണ് ഇറാൻ ശ്രമിക്കുന്നത്.

അറബ് ലോകത്തിന്റെ പ്രശ്‌നങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നതിൽ സൗദി അറേബ്യ പ്രധാനവും നിർണായകവുമായ പങ്ക് വഹിക്കുന്നു. സൗദി അറേബ്യയുടെ പ്രശോഭിതമായ നിലപാടുകളും വിവേകപൂർണമായ നയങ്ങളും പദ്ധതികളും ഇത് പ്രതിഫലിപ്പിക്കുന്നു. അറബ് ദേശീയ സുരക്ഷ കാത്തുസൂക്ഷിക്കാനും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ ചെറുക്കാനും സൗദി അറേബ്യ പ്രവർത്തിക്കുന്നു.
അറബ് ലോകം നിരവധി വെല്ലുവിളികളിലൂടെയും സംഭവവികാസങ്ങളിലൂടെയും കടന്നുപോകുന്നു. ഇവയുടെ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക, സാമൂഹിക മാനങ്ങളും പ്രത്യാഘാതങ്ങളും എല്ലാവരും പഠിക്കേണ്ടതുണ്ട്. ഇവ പരിഹരിക്കാനും ഇതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഏറ്റവും മികച്ച മാർഗങ്ങൾ അവലംബിക്കേണ്ടത് അനിവാര്യമാണ്. വെല്ലുവിളികളിൽ ഏറ്റവും പ്രധാനം അറബ്-ഇസ്രായിൽ സംഘർഷമാണ്.
ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണാൻ സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഫലസ്തീനികൾക്ക് രാഷ്ട്രീയ, സാമ്പത്തിക, ധാർമിക പിന്തുണകൾ നൽകാൻ എല്ലാവിധ ശ്രമങ്ങളും രാജ്യം നടത്തിയിട്ടുണ്ട്. സൗദി അറേബ്യ എക്കാലവും ഫലസ്തീനികൾക്കൊപ്പം നിലയുറപ്പിക്കുന്നു. അധിനിവേശം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മുഴുവൻ ശ്രമങ്ങളെയും രാജ്യം പിന്തുണക്കുകയും ചെയ്യുന്നു.

യെമൻ സംഘർഷത്തിനും യെമനികളുടെ ദുരിതത്തിനും അറുതിയുണ്ടാക്കാൻ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാടെടുക്കണം. ഗൾഫ് സമാധാന പദ്ധതിക്കും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും യു.എൻ രക്ഷാസമിതി 2216-ാം നമ്പർ പ്രമേയത്തിനും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനെ സൗദി അറേബ്യ അംഗീകരിക്കുന്നു. ഹൂത്തി മിലീഷ്യകൾ നടത്തുന്ന വ്യവസ്ഥാപിതമായ ആക്രമണങ്ങളിൽ സ്വയം പ്രതിരോധത്തിന് സൗദി അറേബ്യക്ക് അവകാശമുണ്ടെന്നും സൗദി ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് പറഞ്ഞു.
അറബ് പാർലമെന്റ് നൽകുന്ന അറബ് എക്‌സലൻസ് മെഡൽ ചടങ്ങിനിടെ അറബ് പാർലമെന്റ് സ്പീക്കർ ആദിൽ അൽഅസൂമിയിൽ നിന്ന് സൗദി ശൂറാ കൗൺസിൽ സ്പീക്കർ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖ് സ്വീകരിച്ചു. അറബ് പ്രശ്‌നങ്ങളിൽ സ്വീകരിച്ച പ്രശോഭിതമായ നിലപാടുകളെയും അന്താരാഷ്ട്ര വേദികളിൽ അറബ് പാർലമെന്റുകളുടെയും കൗൺസിലുകളുടെയും നിലപാടുകൾ ശക്തിപ്പെടുത്താനും ഏകോപിപ്പിക്കാനും നടത്തിയ ക്രിയാത്മക സംരംഭങ്ങളെയും എല്ലാ മേഖലകളിലും അറബ് ഐക്യദാർഢ്യം ശക്തിപ്പെടുത്താൻ നൽകിയ പിന്തുണയെയും വിലമതിച്ചും അഭിനന്ദിച്ചുമാണ് ശൂറാ കൗൺസിൽ സ്പീക്കർക്ക് അറബ് പാർലമെന്റ് മെഡൽ സമ്മാനിച്ചത്.

Share this story