പുതിയ ചരിത്രം കുറിച്ച് സൗദി; ഇരു ഹറം കാര്യാലയ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികളില്‍ വനിതകളെ നിയമിച്ചു

Gulf

റിയാദ്: സൗദി അറേബ്യയില്‍ ഇരു ഹറം കാര്യാലയ വകുപ്പുകളില്‍ ഉയര്‍ന്ന തസ്തികളില്‍ വനിതകളെ നിയമിച്ചു. രാജ്യത്തെ സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഭാഗമായാണ് ഇരു ഹറം കാര്യങ്ങളുടെ ജനറല്‍ പ്രസിഡന്‍സി നേതൃ സ്ഥാനങ്ങളില്‍ വനിതകളെ നിയമിച്ചത്. 

മാസ്റ്റര്‍, ഡോക്ടറല്‍ ബിരുദധാരികളായ 20 വനിതകളെയാണ് നിയമിച്ചത്. ഹറം കാര്യാലയ വകുപ്പിലെ അസിസ്റ്റന്റ് ഹെഡ്, അണ്ടര്‍ സെക്രട്ടറിമാര്‍, പ്രസിഡന്റിന്റെ വിവിധ വികസന വിഭാഗങ്ങളില്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറിമാര്‍ എന്നീ ഉന്നത സ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് വനിതകളെ നിയമിച്ചത്. 

ഈ സ്ഥാനങ്ങള്‍ വഹിക്കാന്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ പരമായും പ്രായോഗികമായും ശാക്തീകരണം ലഭിച്ചുവെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് തലവന്‍ ശൈഖ് അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. 

സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഹറം കാര്യാലയ വകുപ്പിന് കീഴില്‍ അസിസ്റ്റന്റ് ഏജന്‍സി രൂപീകരിക്കാനും മേധാവി ഉത്തരവിറക്കി.

Share this story