തൊഴിൽ സാഹചര്യ ഏകീകരണ നിയമത്തിന് സൗദിയിൽ അംഗീകാരം

തൊഴിൽ സാഹചര്യ ഏകീകരണ നിയമത്തിന് സൗദിയിൽ അംഗീകാരം

റിയാദ്: സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും ആകർഷകമാക്കി മാറ്റാനും ലക്ഷ്യമിട്ട് തൊഴിൽ അന്തരീക്ഷം ഏകീകരിക്കുന്ന നിയമം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സൗദി തൊഴിൽ വിപണി സാക്ഷ്യം വഹിക്കുന്ന പുരോഗതികൾക്ക് അനുസൃതമായി തൊഴിൽ സാഹചര്യം ഏകീകരിക്കുകയാണ് നിയമം ചെയ്യുന്നത്.

സ്വദേശി യുവതീയുവാക്കൾക്ക് ആകർഷകവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യം ഒരുക്കാനും അനുയോജ്യവും സുസ്ഥിരവുമായ തൊഴിലവസരങ്ങൾ ലഭ്യമാക്കാനും തൊഴിലാളികളും തൊഴിലുടമകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ തൊഴിലുകളിലും ജീവനക്കാരെ ജോലിക്കു വെക്കുന്നതിനുള്ള വ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൊഴിലാളികൾക്കിടയിലെ വിവേചനം, ജീവനക്കാരുടെ സ്വാതന്ത്ര്യം, പെരുമാറ്റ ദൂഷ്യങ്ങൾ, തൊഴിൽ സുരക്ഷ, ഡ്രസ് കോഡ് എന്നിവയുമായി ഈ വ്യവസ്ഥകൾ ബന്ധപ്പെട്ടു കിടക്കുന്നു.

തൊഴിലിടങ്ങളിലെ നമസ്‌കാര സ്ഥലങ്ങൾ, വിശ്രമ സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ, സെക്യൂരിറ്റി, നിരീക്ഷണ സംവിധാനം എന്നിവ പുതിയ വ്യവസ്ഥകൾ നിർണയിക്കുന്നു. കൂടാതെ പുരുഷന്മാർക്കു മാത്രമായുള്ള സ്ഥാപനങ്ങൾക്കും വനിതകൾക്കു മാത്രമായുള്ള സ്ഥാപനങ്ങൾക്കും ബാധകമായ വ്യവസ്ഥകളും നിർണയിക്കുന്നുണ്ട്. ജീവനക്കാരുടെ ഡ്രസ് കോഡ് ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമായിരിക്കരുതെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ സ്ത്രീപുരുഷ ജീവനക്കാർ ഒറ്റക്കാകുന്ന സാഹചര്യവും നിയമം വിലക്കുന്നു. ജോലി നിർവഹിക്കാൻ ഓരോ തൊഴിലാളിക്കും അനുയോജ്യമായ വിസ്തീർണത്തിലുള്ള സ്ഥലം തൊഴിലുടമകൾ ലഭ്യമാക്കൽ നിർബന്ധമാണ്. ജിംനേഷ്യങ്ങൾ, ബാർബർ ഷോപ്പുകൾ പോലെ പുരുഷന്മാർക്കു മാത്രം പ്രവേശനം നൽകുന്ന സ്ഥാപനങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതും നിയമം വിലക്കുന്നു.

ഒരേ ജോലി നിർവഹിക്കുന്ന സ്ത്രീപുരുഷ ജീവനക്കാരുടെ വേതനങ്ങൾ തമ്മിൽ വിവേചനം കാണിക്കുന്നത് പുതിയ നിയമം വിലക്കുന്നു. ലിംഗം, പ്രായം, വൈകല്യം എന്നിവയുടെ പേരിൽ ജീവനക്കാർക്കിടയിൽ ജോലിയിലോ തൊഴിൽ, നിയമന വ്യവസ്ഥകളിലോ തൊഴിലുടമകൾ വിവേചനം കാണിക്കുന്നതും നിയമം വിലക്കുന്നു. അനുയോജ്യമായ വസ്ത്രം ധരിക്കൽ അടക്കമുള്ള തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിൽ തൊഴിലുടമകൾ സമ്മർദം ചെലുത്തുന്നതിനും തൊഴിൽ കരാർ പ്രകാരം ധാരണയിലെത്തിയതല്ലാത്ത കർത്തവ്യം നിർവഹിക്കാൻ തൊഴിലാളിയെ നിർബന്ധിക്കുന്നതിനും വിലക്കുണ്ട്.

പൊതുജന വികാരം ഇളക്കിവിടാൻ കാരണമാകുന്ന നിലക്കുള്ള വേഷവിധാനം പാലിക്കാനും ദൗത്യങ്ങൾ നിർവഹിക്കാനും ജീവനക്കാരെ ചൂഷണം ചെയ്യാൻ തൊഴിലുടമകൾക്ക് അവകാശമില്ല. ഇസ്‌ലാമിക ശരീഅത്തിന് വിരുദ്ധമല്ലാത്ത നിലക്ക് ജീവനക്കാർ പാലിക്കേണ്ട ഡ്രസ് കോഡ് തൊഴിലുടമകൾ പരസ്യപ്പെടുത്തണം. പൊതുസംസ്‌കാരത്തിന് നിരക്കാത്ത ചെയ്തികളും പെരുമാറ്റങ്ങളും തൊഴിലാളികളുടെ മേൽ തൊഴിലുടമകൾ അടിച്ചേൽപിക്കുന്നതിനും വിലക്കുള്ളതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും ഏകീകരിക്കാനും അവകാശങ്ങളെയും കടമകളെയും കുറിച്ച തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവബോധം വർധിപ്പിക്കാനുമാണ് ഈ തീരുമാനങ്ങളിലൂടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുന്നത്.

Share this story