ജി-20 രാജ്യങ്ങളിൽ 16-ാമത്തെ സാമ്പത്തിക ശക്തിയായി സൗദി അറേബ്യ

ജി-20 രാജ്യങ്ങളിൽ 16-ാമത്തെ സാമ്പത്തിക ശക്തിയായി സൗദി അറേബ്യ

റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ പതിനാറാമത്തെ സാമ്പത്തിക ശക്തിയാണ് സൗദി അറേബ്യയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 793 ബില്യൺ ഡോളർ (2.97 ട്രില്യൺ റിയാൽ) ആണ്.
2018 ലും ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ സൗദി അറേബ്യ പതിനാറാം സ്ഥാനത്തായിരുന്നു. 2017 ൽ സൗദി അറേബ്യ പതിനേഴാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ അടങ്ങിയ പട്ടികയിൽ സൗദി അറേബ്യ നില മെച്ചപ്പെടുത്തി.

19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനും ഉൾപ്പെട്ടതാണ് ജി-20 കൂട്ടായ്മ. ഈ മാസം 21, 22 തീയതികളിൽ ജി-20 ഉച്ചകോടി റിയാദിൽ നടക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസ് രീതിയിലാണ് ഇത്തവണ ഉച്ചകോടി ചേരുന്നത്. അമേരിക്ക, ചൈന, ജപ്പാൻ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ഇന്ത്യ, ഇന്തോനേഷ്യ, മെക്‌സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ലോക ബാങ്കും ഐ.എം.എഫും കൂട്ടായ്മയിൽ പങ്കാളിത്തം വഹിക്കുന്നു.

ജി-20 രാജ്യങ്ങളിൽ 16-ാമത്തെ സാമ്പത്തിക ശക്തിയായി സൗദി അറേബ്യ

യൂറോപ്യൻ യൂനിയൻ ഒഴികെ ജി-20 രാജ്യങ്ങളുടെ ആകെ ആഭ്യന്തരോൽപാദനം 67.9 ട്രില്യൺ ഡോളറാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ 78.4 ശതമാനമാണിത്. കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം ലോക സമ്പദ്‌വ്യവസ്ഥ 86.6 ട്രില്യൺ ഡോളറാണ്.
ജി-20 കൂട്ടായ്മയിൽ പതിനഞ്ചു രാജ്യങ്ങളുടെ ആഭ്യന്തരോൽപാദനം ട്രില്യൺ ഡോളറിന് മുകളിലാണ്. നാലു രാജ്യങ്ങളുടെ ആഭ്യന്തരോൽപാദനം ട്രില്യൺ ഡോളറിൽ കുറവാണ്. ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അമേരിക്കയാണ്.

അമേരിക്കയുടെ മൊത്തം ആഭ്യന്തരോൽപാദനം 21.44 ട്രില്യൺ ഡോളറാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ 24.8 ശതമാനമാണിത്. രണ്ടാം സ്ഥാനുള്ള ചൈനയുടെ മൊത്തം ആഭ്യന്തരോൽപാദനം 14.14 ട്രില്യൺ ഡോളറാണ്. ലോക സമ്പദ്‌വ്യവസ്ഥയുടെ 16.3 ശതമാനം ചൈനയുടെ വിഹിതമാണ്.

മൂന്നാം സ്ഥാനത്തുള്ള ജപ്പാന്റെ മൊത്തം ആഭ്യന്തരോൽപാദനം 5.15 ട്രില്യൺ ഡോളറും നാലാം സ്ഥാനത്തുള്ള ജർമനിയുടെ മൊത്തം ആഭ്യന്തരോൽപാദനം 3.86 ട്രില്യൺ ഡോളറും അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 2.94 ട്രില്യൺ ഡോളറുമാണ്. ലോക സമ്പദ്‌വ്യവസ്ഥയിൽ ജപ്പാന്റെ വിഹിതം 5.9 ശതമാനവും ജർമനിയുടെ പങ്ക് 4.5 ശതമാനവും ഇന്ത്യയുടെ വിഹിതം 3.4 ശതമാനവുമാണ്.
ആറാം സ്ഥാനത്ത് ബ്രിട്ടനാണ്.

ബ്രിട്ടന്റെ മൊത്തം ആഭ്യന്തരോൽപാദനം 2.74 ട്രില്യൺ ഡോളറാണ്. ഏഴാം സ്ഥാനത്തുള്ള ഫ്രാൻസിന്റെ മൊത്തം ആഭ്യന്തരോൽപാദനം 2.71 ട്രില്യൺ ഡോളറും എട്ടാം സ്ഥാനത്തുള്ള ഇറ്റലിയുടെ മൊത്തം ആഭ്യന്തരോൽപാദനം 1.99 ട്രില്യൺ ഡോളറും ഒമ്പതാം സ്ഥാനത്തുള്ള ബ്രസീലിന്റെ മൊത്തം ആഭ്യന്തരോൽപാദനം 1.85 ട്രില്യൺ ഡോളറും പത്താം സ്ഥാനത്തുള്ള കാനഡയുടെ മൊത്തം ആഭ്യന്തരോൽപാദനം 1.73 ട്രില്യൺ ഡോളറുമാണ്.

1.7 ട്രില്യൺ ഡോളറുമായി റഷ്യയും 1.63 ട്രില്യൺ ഡോളറുമായി ദക്ഷിണ കൊറിയയും 1.38 ട്രില്യൺ ഡോളറുമായി ഓസ്‌ട്രേലിയയും 1.27 ട്രില്യൺ ഡോളറുമായി മെക്‌സിക്കോയും 1.11 ട്രില്യൺ ഡോളറുമായി ഇന്തോനേഷ്യയുമാണ് പതിനൊന്നു മുതൽ പതിനഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ. 793 ട്രില്യൺ ഡോളർ മൊത്തം ആഭ്യന്തരോൽപാദനമുള്ള സൗദി അറേബ്യക്ക് ലോക സമ്പദ്‌വ്യവസ്ഥയിലുള്ള വിഹിതം 0.9 ശതമാനമാണ്.

സൗദി അറേബ്യക്ക് പിന്നിലായി പതിനേഴാം സ്ഥാനത്ത് തുർക്കിയാണ്. തുർക്കിയുടെ മൊത്തം ആഭ്യന്തരോൽപാദനം 744 ബില്യൺ ഡോളറാണ്. 445 ബില്യൺ ഡോളറുമായി അർജന്റീനയാണ് പതിനെട്ടാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കയാണ്. ദക്ഷിണാഫ്രിക്കയുടെ മൊത്തം ആഭ്യന്തരോൽപാദനം 359 ബില്യൺ ഡോളറാണ്.

Share this story