ഹാജിമാർക്ക് കല്ലേറ് കർമം നിർവഹിക്കാൻ  ജംറയിൽ മൂന്നു നിലകൾ

ഹാജിമാർക്ക് കല്ലേറ് കർമം നിർവഹിക്കാൻ  ജംറയിൽ മൂന്നു നിലകൾ

മക്ക: ഹാജിമാർക്ക് കല്ലേറ് കർമം നിർവഹിക്കാൻ ഇത്തവണ ജംറ കോംപ്ലക്‌സിൽ മൂന്നു നിലകൾ ഹജ്, ഉംറ മന്ത്രാലയം നീക്കിവെച്ചു. സുരക്ഷിതമായ ശാരീരിക അകലം ഉറപ്പുവരുത്തുന്ന നിലയ്ക്ക് മണിക്കൂറിൽ 2500 തീർഥാടകരെ വീതമാണ് കല്ലേറ് കർമം നിർവഹിക്കാൻ ജംറയിലേക്ക് കടത്തിവിടുക. ജംറ കോംപ്ലക്‌സിൽ കൂറ്റൻ തണൽ കുടകൾ വിരിച്ച ടെറസ് അടക്കം ആകെ അഞ്ചു നിലകളാണുള്ളത്. സാമൂഹിക അകലം ഉറപ്പുവരുത്താൻ ഇത്തവണ 16 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള തമ്പുകളിൽ നാലു തീർഥാടകർക്കു വീതമാണ് താമസം അനുവദിക്കുകയെന്ന് ദേശീയ ഹജ്, ഉംറ കമ്മിറ്റി ഉപദേഷ്ടാവ് സഅദ് അൽഖുറശി പറഞ്ഞു. തിക്കും തിരക്കും കൂടാതെ എളുപ്പത്തിൽ തമ്പുകളിൽ തീർഥാടകർക്ക് പ്രവേശിക്കാനും ഇവിടങ്ങളിൽ നിന്ന് പുറത്തിറങ്ങാനും സാധിക്കുന്ന നിലക്ക് പ്രത്യേക മാനദണ്ഡങ്ങളോടെയാണ് തമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്.

തമ്പുകൾ ദിവസേന അണുവിമുക്തമാക്കും. കൊറോണ ബാധ സംശയിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിന് തമ്പുകളിൽ പ്രത്യേക മുറികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും സഅദ് അൽഖുറശി പറഞ്ഞു. പ്രത്യേക പെർമിറ്റില്ലാതെ ദുൽഹജ് ഒന്നു മുതൽ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ പുണ്യസ്ഥലങ്ങളിൽ ആരെയും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച പ്രോട്ടോകോൾ വ്യക്തമാക്കുന്നു. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരും പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും ഹജ് സീസൺ ആരംഭക്കുന്നതിനു പതിനാലു ദിവസം മുമ്പ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വ്യവസ്ഥയുണ്ട്. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ശരീര ഊഷ്മാവ് എല്ലാ ദിവസവും പരിശോധിക്കണം. പുണ്യസ്ഥലങ്ങളിലെ മുഴുവൻ വാട്ടർ കൂളറുകളും നീക്കം ചെയ്യണമെന്നും പകരം ഒറ്റത്തവണ ഉപയോഗത്തിനുള്ള മിനറൽ വാട്ടർ കുപ്പികൾ വിതരണം ചെയ്യണമെന്നും തമ്പുകളിലും മറ്റും മതിയായ വായു സഞ്ചാരം ഉറപ്പുവരുത്തണമെന്നും അണു നശീകരണികളും ഹാന്റ് സാനിറ്റൈസറുകളും ലഭ്യമാക്കണമെന്നും പ്രതലങ്ങളും ടോയ്‌ലെറ്റുകളും പതിവായി വൃത്തിയാക്കണമെന്നും സ്പർശന സാധ്യത കൂടിയ പ്രതലങ്ങൾ വൃത്തിയാക്കാനും അണുവിമുക്തമാക്കാനും കൂടുതൽ ഊന്നൽ നൽകണമെന്നും ടോയ്‌ലെറ്റുകളിലും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളിലും തിരക്ക് തടയണമെന്നും ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നതിന് സൂപ്പർവൈസർമാരെ നിർബന്ധമായും നിയോഗിക്കണമെന്നും വ്യവസ്ഥകളുണ്ട്.

മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി തമ്പുകൾ സജ്ജീകരിക്കുന്ന ജോലികൾ ഹജ് സർവീസ് കമ്പനികൾ പൂർത്തിയാക്കി വരികയാണ്. കൊറോണ വ്യാപനം തടയുന്നതിനുള്ള പുതിയ വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ ഹജ് തീർഥാടകർ എത്തുന്നതിന് പര്യാപ്തമായത്ര സമയം മുമ്പ് ജോലികൾ പൂർത്തിയാക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഹജ് തീർഥാടകരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിൽ അഞ്ചു പാർക്കിംഗുകൾ സജ്ജീകരിച്ചതായി മക്ക നഗരസഭ അറിയിച്ചു. ആകെ 50,000 കാറുകൾ നിർത്തിയിടാൻ ഈ പാർക്കിംഗുകൾക്ക് ശേഷിയുണ്ട്. സർക്കാർ വകുപ്പുകളുടെ ഓഫീസുകൾ, തീർഥാടകർക്കുള്ള കാത്തിരിപ്പ് ഏരിയകൾ, ടോയ്‌ലെറ്റുകൾ എന്നിവ അടക്കമുള്ള അനുബന്ധ സൗകര്യങ്ങൾ പാർക്കിംഗുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് മക്ക നഗരസഭക്കു കീഴിലെ നിർമാണ, മെയിന്റനൻസ് വിഭാഗം പറഞ്ഞു.

Share this story