വാറ്റ്: രജിസ്റ്റർ ചെയ്തത് രണ്ടേമുക്കാൽ ലക്ഷം സ്ഥാപനങ്ങൾ

വാറ്റ്: രജിസ്റ്റർ ചെയ്തത് രണ്ടേമുക്കാൽ ലക്ഷം സ്ഥാപനങ്ങൾ

റിയാദ്: മൂല്യവർധിത നികുതി സംവിധാനത്തിൽ ഇതുവരെ 2,84,468 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തതായി സകാത്ത്, നികുതി അതോറിറ്റി വെളിപ്പെടുത്തി. സെലക്ടീവ് ടാക്‌സ് ബാധകമായ ഉൽപന്നങ്ങളുടെ 40 നിർമാതാക്കൾ ഇതുവരെ നികുതി കണക്കാക്കുന്നതുമായി ബന്ധപ്പെട്ട ഗോഡൗൺ ലൈസൻസുകൾ നേടി. പുകയില ഉൽപന്നങ്ങളും എനർജി ഡ്രിങ്കുകളും ശീതളപാനീയങ്ങളും അടക്കം ഹാനികരമായ ഉൽപന്നങ്ങളുടെ നിർമാതാക്കളുടെ ഭാഗത്ത് ഇതുവരെ ശിക്ഷ നിർബന്ധമാക്കുന്ന നികുതി നിയമ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഭൂരിഭാഗം നിർമാതാക്കളും നിശ്ചിത സമയത്ത് നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതായും സകാത്ത്, നികുതി അതോറിറ്റി പറഞ്ഞു.

പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ ഓരോ മാസത്തിലും മൂല്യവർധിത നികുതി റിട്ടേണുകൾ സമർപ്പിക്കൽ നിർബന്ധമാണ്. അതത് മാസത്തെ നികുതി റിട്ടേണുകൾ തൊട്ടടുത്ത മാസം അവസാനിക്കുന്നതിനു മുമ്പാണ് സമർപ്പിക്കേണ്ടത്. പ്രതിവർഷം നാലു കോടിയിലേറെ റിയാലിന്റെ ഇടപാടുകൾ നടത്താത്ത സ്ഥാപനങ്ങൾ ഓരോ മൂന്നു മാസത്തിലുമാണ് നികുതി റിട്ടേണുകൾ സമർപ്പിക്കേണ്ടത്. പ്രതിവർഷം മൂേന്നമുക്കാൽ ലക്ഷം റിയാലിൽ കൂടുതൽ വരുമാനമുള്ള മുഴുവൻ സ്ഥാപനങ്ങളും മൂല്യവർധിത നികുതി നിയമത്തിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. ഇതിൽ കുറവ് വരുമാനമുള്ള സ്ഥാപനങ്ങൾക്ക് നികുതി രജിസ്‌ട്രേഷൻ നിർബന്ധമല്ല.

തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.

Share this story