കോടികളുടെ പിഴ; ഉംറ കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നു

കോടികളുടെ പിഴ; ഉംറ കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നു

മക്ക: കോടിക്കണക്കിന് റിയാൽ പിഴ ചുമത്തിയ ഹജ്, ഉംറ മന്ത്രാലയത്തിനെതിരെ നൂറോളം ഉംറ സർവീസ് കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നു. വിദേശങ്ങളിൽനിന്ന് എത്തിയ ഉംറ തീർഥാടകർ കൃത്യസമയത്ത് സ്വദേശങ്ങളിലേക്ക് തിരിച്ചുപോയില്ലെന്ന് വിവരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതിൽ കാലതാമസം വരുത്തിയതിനാണ് സർവീസ് കമ്പനികൾക്ക് 60 കോടിയിലേറെ റിയാൽ പിഴ ചുമത്തിയിരിക്കുന്നത്. മന്ത്രാലയത്തിനെതിരെ കേസ് നൽകുന്നതിനു മുന്നോടിയായി ഉംറ സർവീസ് കമ്പനി ഉടമകൾ മക്കയിലെ അഭിഭാഷകനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

പിഴ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർവീസ് കമ്പനികൾ നേരത്തെ ഹജ്, ഉംറ മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സർവീസ് കമ്പനികൾക്ക് അനുകൂലമായ ഒരു നടപടിയും മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് സർവീസ് കമ്പനികൾ നിയമ നടപടിക്കൊരുങ്ങുന്നത്. ഭീമമായ പിഴ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്കും നിരവധി സൗദി പൗരന്മാർക്ക് തൊഴിൽ നഷ്ടപ്പെടുന്നതിലേക്കും നയിക്കുമെന്നും ഇക്കാരണത്താലാണ് ഹജ്, ഉംറ മന്ത്രാലയത്തിനെതിരെ ഉംറ സർവീസ് കമ്പനിയുടമകൾ നിയമ നടപടി സ്വീകരിക്കുന്നതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

കൊറോണ മൂലം ദീർഘ കാലമായി വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയതും രാജ്യത്തിനകത്തു നിന്നുള്ള നിയന്ത്രിതമായ എണ്ണം സ്വദേശികൾക്കും വിദേശികൾക്കും മാത്രമായി ഹജ് പരിമിതപ്പെടുത്തിയതും മൂലം ഹജ്, ഉംറ സർവീസ് കമ്പനികൾക്ക് ഭീമമായ നഷ്ടം നേരിട്ടിട്ടുണ്ട്. ഇതിനു പുറമെയാണ് വിദേശ ഉംറ തീർഥാടകർ കൃത്യസമയത്ത് തിരിച്ചുപോകാത്തതിനെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കാൻ കാലതാമസം വരുത്തിയെന്ന കാരണം പറഞ്ഞ് സർവീസ് കമ്പനികൾക്ക് കോടിക്കണക്കിന് റിയാൽ പിഴ ചുമത്തിയിരിക്കുന്നത്.

Share this story