ഹജ്ജ് 2020; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രാലയം, നടപ്പിലാക്കുക കര്‍ശന നിയന്ത്രണങ്ങള്‍

ഹജ്ജ് 2020; ഒരുക്കങ്ങള്‍ വിലയിരുത്തി മന്ത്രാലയം, നടപ്പിലാക്കുക കര്‍ശന നിയന്ത്രണങ്ങള്‍

റിയാദ്: കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ വിലിയിരുത്തി സൗദി ഹജ്ജ് മന്ത്രാലയം. ആഭ്യന്തര മന്ത്രിയും ഹജ്ജ് സുപ്രീം കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നെയ്ഫ് രാജകുമാരന്‍റെ അധ്യക്ഷ്യതയില്‍ സുരക്ഷാ ഏജൻസികളുടെ തലവന്മാരുമായും ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായും നടന്ന വെർച്വൽ യോഗത്തിലാണ് ഒരുക്കങ്ങള്‍ വിലിയിരുത്തിയത്.

കൊറോണ വൈറസ് രോഗത്തിനെതിരായുള്ള പ്രതിരോധ, മുൻകരുതൽ നടപടികൾ, പുണ്യ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന തീർഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ഹജ്ജ് ആചാരങ്ങൾ അനുഷ്ഠിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഹജ്ജുമായി ബന്ധപ്പെട്ട സംഘടനാ വിഷയങ്ങൾ മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും ചർച്ച ചെയ്തു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും ഹജ്ജ് ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കണമെന്നുമുള്ള സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ പാലിക്കുന്നതായി പ്രിൻസ് അബ്ദുൽ അസീസ് യോഗത്തില്‍ വ്യക്തമാക്കി.

കോവിഡ് വൈറസ് പശ്ചാത്തലത്തില്‍ ഈ വർഷം നിയന്ത്രിതമായ എണ്ണം ആഭ്യന്തര തീർഥാടകരേയും രാജ്യത്തിന് അകത്തുള്ള വിദേശകളേയും മാത്രമേ ഹജ്ജ് നടത്താൻ അനുവദിക്കൂ എന്ന് സൗദി അറേബ്യ നേരത്തി തീരുമാനിച്ചിരുന്നു. വിട്ടുമാറാത്ത രോഗങ്ങളൊന്നും ബാധിക്കാത്ത 20 നും 50 നും ഇടയിൽ പ്രായമുള്ളവര്‍ക്ക് മാത്രമേ തീർത്ഥാടനത്തിന് അപേക്ഷിക്കാൻ കഴിയൂ.രാജ്യത്തിനകത്ത്​ താമസിക്കുന്ന 160 വിദേശ രാജ്യക്കാരുടെ അപേക്ഷകൾ തരംതിരിച്ചതായി ഹജ്ജ്​ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Share this story