ദുബായ് വിമാനത്താവളത്തിൽ ഇനി സുരക്ഷാ പരിശോധന എളുപ്പം; 2026ഓടെ ലാപ്ടോപ്പ്, ദ്രാവകങ്ങൾ ബാഗിൽ നിന്ന് എടുക്കേണ്ടതില്ല

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് പുതിയ സാങ്കേതികവിദ്യ ഒരുക്കുന്നു. 2026 അവസാനത്തോടെ വിമാനത്താവളത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ലാപ്ടോപ്പുകളും, ദ്രാവകങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗിൽ നിന്ന് പുറത്തെടുക്കാതെ തന്നെ പരിശോധന പൂർത്തിയാക്കാൻ കഴിയും. നിലവിൽ ചില യൂറോപ്യൻ വിമാനത്താവളങ്ങളിൽ ഈ സൗകര്യം ലഭ്യമാണ്.
യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും ഇത് സഹായിക്കും. നിലവിലുള്ള എക്സ്-റേ സ്കാനറുകൾക്ക് പകരം, 3D സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് സ്ഥാപിക്കുക. ഈ യന്ത്രങ്ങൾക്ക് ബാഗിനുള്ളിലുള്ള വസ്തുക്കൾ വ്യക്തമായി തിരിച്ചറിയാൻ കഴിയും.
ഈ പദ്ധതിയുടെ ഭാഗമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽ ഈ സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത് വിജയിച്ചാൽ, എല്ലാ ടെർമിനലുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കും. യാത്രക്കാരുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ പരിശോധനകൾ വേഗത്തിലാക്കുകയാണ് പുതിയ സാങ്കേതികവിദ്യയുടെ പ്രധാന ലക്ഷ്യം.