ബലിപെരുന്നാൾ അവധി ദിനങ്ങളിലും സൗദിയിലെ തിരഞ്ഞെടുത്ത പാസ്പോർട്ട് വിഭാഗം ഓഫിസുകൾ പ്രവർത്തിക്കും

റിയാദ്: ഈദ് അവധി ദിനങ്ങളിലും അടിയന്തിര സേവനങ്ങൾക്കായി വിവിധ പ്രവിശ്യകളിലെ തിരഞ്ഞെടുത്ത ജവാസത്ത് (പാസ്പോർട്ട്) വിഭാഗം ഓഫിസുകൾ പ്രവർത്തിക്കും. അബ്ഷിർ (ഓൺലൈൻ സേവന പ്ലാറ്റ്ഫോം ) മുഖാന്തിരം പൂർത്തീകരിക്കാൻ കഴിയാത്ത അടിയന്തിര സ്വഭാവമുള്ള ഫയലുകളാണ് തീർപ്പുകൽപ്പിക്കുന്നതിനും സേവനം നൽകുന്നതിനുമായി അവധിക്കാല ഓഫിസുകളിൽ കൈകാര്യം ചെയ്യുക. സേവനം ലഭ്യമാക്കുന്നതിനായി മുൻകൂട്ടി ഓൺലൈനിൽ അപ്പോയ്മെൻ്റ് എടുക്കണ്ടതാണ്. ഓൺലൈൻ വഴി പൂർത്തീകരിക്കാൻ സാധിക്കാത്ത അപേക്ഷകളുമായി നേരിട്ട് ജവാസത്ത് ഡയറക്ടറേറ്റ് ഓഫിസുകളെ സമീപിക്കാതെ ആവശ്യക്കാർക്ക് തവാസുൽ പോർട്ടൽ വഴിയുള്ള സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും ജവാസത്ത് ഡയറക്ടേറ്റ് വ്യക്തമാക്കി.

റിയാദ് അൽ റിമാൽ ഡിസ്ട്രിക്ട് ജവാസത്ത് ഓഫിസിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ സേവനം ലഭിക്കും. ജിദ്ദയിലെ സെറാഫി മാൾ, തഹ്ലിയ മാൾ എന്നിവിടങ്ങളിലെ ജവാസത്ത് ഓഫിസുകൾ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. മറ്റുള്ള പ്രവിശ്യകളിലെ ജവാസത്ത് കേന്ദ്രങ്ങൾ വ്യാഴാഴ്ച വരെ രാവിലെ 7.30 മുതൽ ഉച്ചക്ക് 2.30 വരെയും അടിയന്തിര സേവനങ്ങൾക്കായി തുറന്ന് പ്രവർത്തിക്കും.

Share this story