സേവനം ജീവിത ചര്യയാക്കണം : സമസ്ത പ്രസിഡന്റ്‌ ഇ സുലൈമാൻ മുസ്‌ലിയാർ

Gulf

മക്ക: പ്രവാചകൻ മുഹമ്മദ് നബിയും സ്വഹാബത്തും കാണിച്ചു തന്ന മഹനീയ സേവന മാതൃകകൾ  പിൻപറ്റി  പുണ്യങ്ങൾ നേടാൻ പ്രവർത്തകർ മത്സരിക്കണമെന്ന് സമസ്ത പ്രസിഡണ്ട്  ഇ സുലൈമാൻ മുസ്‌ലിയാർ. ആർ.എസ്.സി  സൗദി നാഷനൽ കമ്മിറ്റി  മക്കയിലെ മിനായിൽ സംഘടിപ്പിച്ച  ഹജ്ജ് വളണ്ടിയർ കോർ സംഗമത്തിൽ   സംസാരിക്കുകയായിരുന്നു അദ്ദേഹം. അർദ്ധരാത്രികളിൽ ആരാരും കാണാതെ അവശരായവരെ കണ്ടെത്തി പരിചരണം നടത്തിയിരുന്ന സ്വഹാബത്തിനെയാണ് സേവന പ്രവർത്തനങ്ങളിൽ നാം മാതൃകയാക്കേണ്ടത്.  കേരള മുസ്ലിം ജമാഅത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർ.എസ് .സി യുടെ പ്രവർത്തനങ്ങൾ സന്തോഷം നൽകുതാണെന്നും വിവിധ  ലോക രാജ്യങ്ങളിൽ  ആർ.എസ്.സി ക്ക് പുതിയ ഘടകങ്ങൾ രൂപപ്പെടുന്നത് പ്രതീക്ഷാവഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിർവധി  വളണ്ടിയർമാർ ഹജ്ജ് ദിനങ്ങളിൽ അറഫയിലും  മിനയിലുമായി  സന്നദ്ധ സേവനങ്ങൾക്കിറങ്ങിയിട്ടുണ്ട്. അസീസിയ്യയിൽ സംവിധാനിച്ചിട്ടുള്ള ക്യാമ്പിൽ നിന്നാണ് വളണ്ടിയർ  പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.  ആദ്യ ഹജ്ജ് സംഘം  വിശുദ്ധ ഭൂമിയിൽ  എത്തിയത്  മുതൽ  ആർ.എസ്.സി യുടെ നേതൃത്വത്തിൽ  മക്കയിലും മദീനയിലുമായി വളണ്ടിയർ  സേവനങ്ങൾ  നൽകുന്നുണ്ട്. അറഫ, മിന ദിവസങ്ങളിൽ  കനത്ത ചൂടിനെ പ്രതിരോധിക്കാൻ ഹാജിമാർക്ക് കുടയും കുടി വെള്ളവും വിതരണം ചെയ്യുകയും വഴി തെറ്റിപോകുന്നവരെ കൈ പിടിച്ചും വീൽ ചെയർ സേവനം നൽകിയും ടെന്റുകളിലേക്കും, ആരോഗ്യ പ്രശ്നമുള്ളവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും അടിയന്തിര ഘട്ടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്യുന്ന ആർ.എസ്.സിയുടെ  പ്രവർത്തനങ്ങൾ മാതൃക പരമാണ്. ഹജ്ജ് കർമ്മങ്ങൾ കഴിഞ്ഞ് അസീസിയ്യയിലുള്ള താമസ സ്ഥലങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാരുടെ തിരക്ക് ശക്തമായിരുന്നു. അസീസിയ്യയിൽ വിവിധ പോയിൻ്റുകളിൽ വഴി പറഞ്ഞു കൊടുക്കുന്നതിന് പ്രത്യേകം വളണ്ടിയർ ടീം പ്രവർത്തിച്ചത് ഹാജിമാർക്ക് ആശ്വാസമായി. ബസിലും നടന്നും വരുന്ന ഹാജിമാരെ റൂമിലെത്തിക്കാൻ സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

സംഗമം കേരള  മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി  സയ്യിദ് ഇബ്രാഹീം  ഖലീൽ ബുഖാരി ഉദ്‌ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി,  എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ദേവർശോല അബ്ദുസലാം മുസ്‌ലിയാർ,  എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ്  ഡോ. ഫാറൂഖ് നഈമി, ഷൗകത്ത്  നഈമി ബുഖാരി, സിറാജ് വേങ്ങര, മൻസൂർ ചുണ്ടമ്പറ്റ, അഫ്സൽ സഖാഫി, ഇബ്രാഹീം അംജദി എന്നിവർ സംസാരിച്ചു.

Share this story