പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയിലെ സ്വദേശിവത്കരണം 23.59 ശതമാനമായി ഉയര്‍ന്നു

Saudi

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം 23.59 ശതമാനമായി വര്‍ധിച്ചു. ഈ വര്‍ഷം മൂന്നാം പാദത്തിലാണ് ഈ വര്‍ധനവ് രേഖപ്പെടുത്തിയത്. മുന്‍പാദത്തേക്കാള്‍ 0.96 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദേശീയ ലേബര്‍ ഒബ്സര്‍വേറ്ററി വിങാണ് ഈ വിവരം വെളിപ്പെടുത്തിയത്.

സൗദി തൊഴിലാളികളുടെ എണ്ണം ഈ കാലയളവില്‍  60,000ത്തോളം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ഡാറ്റയുടെ കണക്കുകള്‍ പ്രകാരം 2021 മൂന്നാം പാദത്തില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ എണ്ണം 1,826,875 ആണ്. 3.41 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 65.06 ശതമാനം പുരുഷന്‍മാരും 34.94 ശതമാനം സ്ത്രീകളുമാണുള്ളതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സ്വദേശികളായ 2 ലക്ഷത്തിലധികം യുവാക്കള്‍ക്കും യുവതികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കാന്‍ സഹായം നല്‍കിയതായി മാനവ വിഭവശേഷി വികസന നിധി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള കണക്കാണിത്. തൊഴില്‍ സഹായ സേവനങ്ങള്‍, ദേശീയ കേഡറുകളെ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടികള്‍ എന്നിവ വഴിയാണ് ഇത്രയും പേര്‍ക്ക് സഹായം നല്‍കിയത്.

അതേസമയം, സൗദിയിലെ സ്വദേശിവത്കരണം പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. അടുത്ത ഘട്ടത്തില്‍ മാര്‍ക്കറ്റിങ് ജോലികള്‍, ഓഫീസ് സെക്രട്ടറി, വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ സ്വദേശിവത്കരിക്കും. സ്വദേശികള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

പുതിയ മേഖലകളിലെ സ്വദേശിവത്കരണം സംബന്ധിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് കഴിഞ്ഞ ദിവസം തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. 

മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിയ്ക്കണം. വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങള്‍ അടുത്ത വര്‍ഷം മേയ് എട്ട് മുതലായിരിക്കും പ്രാബല്യത്തില്‍ വരിക.

Share this story