സർഗ വസന്തത്തിനൊരുങ്ങി ഷാർജ; അന്താരാഷ്ട്ര പുസ്തകമേള നവംബർ 3 മുതൽ

അക്ഷരവസന്തത്തിന് ഒരുങ്ങി ഷാർജ. നാൽപതാമത് ഷാർജ ബുക്ക് ഫെയറിന് നവംബർ മൂന്നിന് തുടക്കമാകും. ആഗോള പ്രസിദ്ധീകരണ വ്യവസായത്തിന്റെ വീണ്ടെടുക്കലിന് പ്രചോദനമേൽകുകയാണ് പുസ്തക മേളയുടെ പ്രധാന ലക്ഷ്യമെനന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ ഹിസ് എക്‌സലൻസി അഹമ്മദ് ബിൻ റഖാദ് അൽ ആമിരി അറിയിച്ചു. ഷാർജ ഹൗസ് ഓഫ് വിസ്ഡമിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 


നവംബർ 3 മുതൽ 13 വരെ ഷാർജ എക്‌സ്‌പോ സെന്ററിലാണ് ബുക്ക് ഫെയർ നടക്കുന്നത്. ഹിസ് ഹൈനസ് ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷകർത്വത്തിലാണ് പുസ്തകമേള നടക്കുന്നത്. ലോകപ്രസിദ്ധിയാർജിച്ച പുസ്തകമേളയുടെ നാൽപതാമത് പതിപ്പിനാണ് നവംബർ മൂന്നിന് തുടക്കമാകുന്നത്. ലോകത്തെ പ്രതിസന്ധിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും പതിയെ കരകയറുന്നതിനൊപ്പമാണ് അന്താരാഷ്ട്ര സർഗാത്മക മേളയ്ക്ക് ഷാർജ ഊർജം പകരുന്നത്. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമാണ് ഷാർജ ബുക്ക് ഫെയർ. 83 രാജ്യങ്ങളിൽ നിന്നായി 1559 പ്രസാധകരും നിരവധി എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കാളികകളാകും. ഇന്ത്യയിൽ നിന്ന് മാത്രം 83 പ്രസാധകർ പുസ്തക മേളയുടെ ഭാഗമാകും. അമിതാഭ് ഘോഷ്, ചേതൻ ഭാഗത് തുടങ്ങിയ എഴുത്തുകാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. 

ESPANA

എവിടെയും ശരിയായ പുസ്തകമുണ്ട് എന്ന ശീർഷകത്തിലാണ് പുസ്തക മേള നടക്കുന്നത്. പുസ്തകമേളയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. സാംസ്‌കാരിക പരിപാടികളും ഭക്ഷണ മേളകളും, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും പുസ്തകമേളയുടെ ഭാഗമായിരിക്കും. 

വാർത്താ സമ്മേളനത്തിൽ ഹിസ് എക്‌സലൻസി അഹമ്മദ് ബിൻ റഖാദ് അൽ അമിരി, സ്‌പെയിൻ സ്ഥാനപതി ലിംഗോ ഡി പലാസിയോ എസ്പാന, ഷാർജ ബുക്ക് അതോറിറ്റി ജനറൽ കോർഡിനേറ്റർ ഖൗല അൽ മുജൈനി, ഷാർജ പോലീസിലെ സെൻട്രൽ ഓപറേഷൻസ് ഡയറക്ടർ ജനറലായ ബ്രിഗേഡിയർ ജനറൽ ഡോക്ടർ അഹമ്മദ് സയീദ് അൽ നൗർ, ഷാർജ ബുക്ക് അതോറിറ്റി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, എത്തിസലാത്ത് എന്നീ സ്ഥാപനങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
 

Share this story